Tuesday, May 22, 2012

'THE MIRROR' IS NOW ONWARDS 'VAARTHA'

ചില സാങ്കേതിക കാരണങ്ങളാല്‍ 'ദ മിറര്‍' ഇനി മുതല്‍ 'വാര്‍ത്ത' ആവുകയാണ്.

ജാതി, മത, രാഷ്ട്രീയഭേദമെന്യേ സാമൂഹ്യനന്മകളുടെ ഭാഗത്ത്‌ അടിയുറച്ചു നില്‍ക്കാന്‍ അക്രമങ്ങള്‍ക്ക് മുന്‍പിലും അടിപതറാതെ ശ്രമിച്ച 'ദ മിറര്‍'-ന്റെ അതേ പാതയിലൂടെ തന്നെയായിരിക്കും 'വാര്‍ത്ത'യും മുന്‍പോട്ടു പോവുക.

'ദ മിറര്‍'-നെ വാത്സല്യത്തോടെ നെഞ്ചേറ്റിയ വായനക്കാരുടെ സ്നേഹവും പ്രോത്സാഹനവും 'വാര്‍ത്ത'ക്ക് തുടര്‍ന്നും ലഭിക്കും എന്നുള്ള പ്രതീക്ഷ ആണ് ഞങ്ങളുടെ പ്രചോദനം.

ഇതുവരെ 'ദ മിറര്‍'-ന് വായനക്കാര്‍ നല്‍കിയ സ്നേഹം നിറഞ്ഞ പ്രോത്സാഹനത്തിനു ഞങ്ങള്‍ അകൈതവമായ നന്ദി അറിയിക്കുന്നതിനോടൊപ്പം 'വാര്‍ത്ത'യുടെ മുന്നോട്ടുള്ള പ്രയാണത്തിന് വായനക്കാരുടെ നിര്‍ലോഭമായ പിന്തുണ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

'വാര്‍ത്ത'യുടെ വെബ്‌ അഡ്രസ്സ് : www.vaartha.weebly.com

-ഡാനി ഡിസൂസ (ചീഫ് എഡിറ്റര്‍)

Friday, April 13, 2012

PROSTITUTION IN INDIA

     2001-ലെ സെന്‍സസ്, ഇന്ത്യയിലെ 2.3 ദശലക്ഷത്തില്‍ അധികം വരുന്ന ലൈംഗീക തൊഴിലാളികളെ തെരുവ്കുട്ടികള്‍ക്കും അലഞ്ഞു തിരിഞ്ഞു നടക്കുന്നവര്‍ക്കും ഒപ്പം ചേര്‍ത്തതിനു ശേഷം അവരുടെ തലയ്ക്കു മുകളില്‍ മറ്റൊരു വാള്‍ തൂങ്ങി നില്‍ക്കുന്നു: സര്‍ക്കാര്‍, അതിന്റെ വ്യഭിചാരവിരുദ്ധനിയമം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, ലൈംഗീകതൊഴിലാളികളുമായി ബന്ധപ്പെടുന്ന പുരുഷന്മാരെ അറസ്റ്റ് ചെയ്യാനുള്ള ഒരു നിയമ വ്യവസ്ഥയുമായാണ് നില്‍പ്പ്. 2.5 ദശലക്ഷത്തോളം വരുന്ന ലൈംഗീക തൊഴിലാളികളുടെ ഉപജീവനം മുടക്കാന്‍ മാത്രമാണ് ഈ നിയമം ഉപകാരപ്പെടുക. ഡെന്മാര്‍ക്ക്, ഗ്രീസ്, കൊസ്ടാറിക്ക, ബ്രസീല്‍ തുടങ്ങിയ പല വിദേശരാജ്യങ്ങളിലും നിയമവിധേയമായി നിലനില്‍ക്കുന്ന ഒരു തൊഴിലിനെ ഇന്ത്യന്‍ സര്‍ക്കാര്‍ കുറ്റകരവും നിയമവിരുദ്ധവും ആയി കാണുന്ന വിരോധാഭാസം ആണ് ഇത്.



     അവസാനിപ്പിക്കാന്‍ കഴിയാത്തത് എന്ന് ഉറപ്പുള്ള ഒരു തൊഴിലിനെ നിയമ വിധേയമാക്കുന്നതാണ് ഉചിതമെന്ന പ്രായോഗിക നിലപാടില്‍ നില്‍ക്കുന്ന വിദേശ രാജ്യങ്ങളുടെ വഴി ഇന്ത്യക്കും തിരഞ്ഞെടുക്കാവുന്നതെ ഉള്ളൂ. അതുകൊണ്ട് ഗുണം മാത്രമാണ് ഉള്ളത്. സിംഗപ്പൂരില്‍ ലൈംഗീക തൊഴിലാളിയെ സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്ന പുരുഷന്മാര്‍ക്ക് ലൈസന്‍സ് ഉള്ള ലൈംഗീക തൊഴിലാളിയെ സുരക്ഷിതമായി സന്ദര്‍ശിക്കാന്‍ സാധിക്കും. രണ്ടാഴ്ചയില്‍ ഒരിക്കല്‍ മെഡിക്കല്‍ ചെക്കപ്പ് നിര്‍ബന്ധമായതിനാല്‍ രോഗങ്ങളെക്കുറിച്ചുള്ള ഭയവും വേണ്ട. എല്ലാ മറ്റു തൊഴിലുകളെയും പോലെ ലൈംഗീക തൊഴിലിലും നികുതിയും പെന്‍ഷനും മറ്റും അവിടെ ഉണ്ട്. ആംസ്ടര്‍ഡാമിലെ ലൈംഗീക തൊഴിലാളികള്‍ ബിസിനെസ്സ് ചിലവിന്റെ ഭാഗമായി ഗര്‍ഭനിരോധന ഉറകളുടെയും ലൈംഗീക കളിപ്പാട്ടങ്ങളുടെയും ചിലവുകള്‍ എഴുതി തള്ളുന്നു. ഡച്ച് ലൈംഗീക തൊഴിലാളികള്‍ അവരുടെ വരുമാനത്തിന്റെ 19 ശതമാനം വാറ്റ് കൊടുക്കുന്നു. ആസ്ത്രേലിയയിലെ പ്രമുഖ സെക്സ് കമ്പനി ആയ 'ഡെയ്ലി പ്ലാനെറ്റ്' 2004 -ല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ചുരുക്കത്തില്‍ ലോകം വേശ്യാവൃത്തിയെ ഒരു സാമ്പത്തിക പ്രവര്‍ത്തനം ആയി കാണാന്‍ ഉള്ള  പക്വത കാണിക്കുമ്പോള്‍ ഇന്ത്യ മുഖം തിരിച്ചു നിയമത്തില്‍ കുരുക്കിയിടാന്‍ വൃഥാ ശ്രമിക്കുന്നു. ഇവിടെ ലൈംഗീക തൊഴിലാളികള്‍ അവകാശങ്ങള്‍ ഒന്നും ഇല്ലാതെ, ഏജെന്‍ടമാരുടെയും പോലീസിന്റെയും ചൂഷണത്തിന് വിധേയരായി ദുരിതജീവിതം നയിക്കുന്നു. മാത്രവുമല്ല, എച്.ഐ.വി -യും ഇവരെ കാത്തിരിക്കുന്നു. ഇന്ത്യയിലെ നിയമവ്യവസ്ഥ ഇങ്ങനെ നില്‍ക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ എച്.ഐ.വി ബാധിതര്‍ ഇന്ത്യയില്‍ ആണെന്ന സത്യം ഒരു അത്ഭുതം അല്ലല്ലോ?!!


     ആരും ഇരകള്‍ ആവാതെയും രണ്ടുപേര്‍ക്കും നേട്ടം ഉള്ളതും ആയ ഒന്നാണ് വേശ്യാവൃത്തി. പുരുഷന് ലൈംഗീക ആശ്വാസം ലഭിക്കുമ്പോള്‍ സ്ത്രീക്ക് പണം കിട്ടുന്നു. ഇറ്റലിയില്‍ ഒരു സര്‍ക്കാര്‍ കണക്കെടുപ്പ് പ്രകാരം, 45 ശതമാനം പുരുഷന്മാരും വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞത്‌ ഒരു തവണയെങ്കിലും ലൈംഗീക തൊഴിലാളിയെ സന്ദര്‍ശിക്കുന്നു. ബ്രിട്ടനില്‍, ബി.ബി.സി -യുടെ ഒരു കണക്കു പ്രകാരം സംഭോഗത്തിന് വേണ്ടി പുരുഷന്മാര്‍ ചിലവഴിക്കുന്ന തുക കഴിഞ്ഞ ദശകത്തില്‍ ഇരട്ടിയായി വര്‍ധിച്ചു. ഇന്ത്യയില്‍ നിയമം എതിരായതുകൊണ്ട് ഔദ്യോധികമായ കണക്കു ലഭ്യമല്ല; പക്ഷെ നിരവധി ദശലക്ഷം പുരുഷന്മാര്‍ ലൈംഗീക തൊഴിലാളികളെ സന്ദര്‍ശിക്കുന്നില്ലെങ്കില്‍ 2.5 -ഓളം ദശലക്ഷം ലൈംഗീക തൊഴിലാളികള്‍ എങ്ങനെ ജീവിക്കുന്നു? ലൈംഗീക തൊഴിലാളികളെ സന്ദര്‍ശിക്കുന്ന പുരുഷന്മാരെ അറസ്റ്റ് ചെയ്യാനുള്ള നിയമം വന്നാല്‍ ലൈംഗീക തൊഴിലാളികളില്‍ അധികം പേരും ശിക്ഷിക്കപ്പെടും എന്നത് ഉറപ്പാണ്. പക്ഷെ കൊലപാതകക്കുറ്റം ചെയ്യുന്നവരിലും കിഡ്നാപ്പ് ചെയ്യുന്നവരിലും ഇന്ത്യയില്‍ ശിക്ഷ ഏറ്റുവാങ്ങുന്നവര്‍ വെറും 25 മുതല്‍ 45  വരെ ശതമാനം മാത്രമാണെന്ന് ഓര്‍ക്കണം! അപ്പോള്‍ ലൈംഗീക തോഴിളിനെക്കാള്‍ കടുപ്പം കുറഞ്ഞ കുറ്റങ്ങള്‍ ആണോ മേല്‍പ്പറഞ്ഞ രണ്ടും? നേപ്പാളില്‍ സ്ഥിതി ഇതിനേക്കാള്‍ മോശമാണ്. അച്ഛന്‍ ആരെന്നു അറിയാത്ത കുട്ടികള്‍ക്ക് പൌരത്വം വരെ അവിടെ പ്രശ്നമാവുന്നു.


     ലൈംഗീക തൊഴില്‍ നിയമവിധേയമാക്കിയ രാജ്യങ്ങളില്‍ പ്രസ്തുത തൊഴില്‍ ഒരു സേവനവ്യവസായമായാണ് പരിഗണിക്കുന്നത്. ഇന്ത്യയില്‍ ഒരു ലൈംഗീക തൊഴിലാളിയുടെ പ്രതിദിന വരുമാനം 150 രൂപ എന്ന് കണക്കാക്കിയാല്‍ 2.3 ദശലക്ഷം ലൈംഗീകതൊഴിലാളികളുടെ മൊത്തം പ്രതിദിന വരുമാനം 34.5 കോടി രൂപ വരും. ഒരു വര്‍ഷത്തെ വരുമാനം 12592 കോടി രൂപ! ബെല്‍ജിയം ലൈംഗീക തൊഴില്‍ നിയമ വിധേയമാക്കിയതിന്റെ ഒരു കാരണം നികുതിയിനത്തില്‍ സര്‍ക്കാരിന് 50 ദശലക്ഷം യൂറോ വരുമാനം ഉണ്ടാകുന്നു എന്നതാണ്. ന്യൂസിലാണ്ടില്‍ വേശ്യാലയങ്ങളുടെ നടത്തിപ്പുകാരും ഉടമസ്ഥരും ലൈംഗീക തൊഴിലാളികള്‍ തന്നെയാണ്.


     ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഒരു തൊഴിലായാണ് വ്യഭിചാരം അറിയപ്പെടുന്നത്. തൊഴില്‍ അന്വേഷിച്ചു നഗരത്തില്‍ വരുന്ന പുരുഷന്മാര്‍ക്ക് സെക്സ് ആവശ്യമുണ്ട്. വിപണി അവര്‍ക്ക് നിയമപരമായോ നിയമവിരുദ്ധമായോ ലൈംഗീക തൊഴിലാളികളെ എത്തിച്ചുകൊടുക്കുന്നു. സമൂഹം ലൈംഗീക തൊഴിലാളികളെ വിലകുറച്ച് കാണുമ്പോള്‍ അവര്‍ അവരുടെ തൊഴിലിനെ ശ്രേഷ്ഠം ആയാണ് കാണുന്നത്. 'ഞങ്ങള്‍ ഇല്ലാതിരുന്നാല്‍ നിങ്ങളുടെ ഭാര്യമാരും സഹോദരിമാരും ഉപദ്രവിക്കപ്പെടും' എന്നൊരു മുന്നറിയിപ്പും അവര്‍ സമൂഹത്തിനു നല്‍കുന്നുണ്ട്. ഒരു കസ്റ്റമര്‍ക്ക് ഒരു ലൈംഗീക തൊഴിലാളിയെ വിവാഹം കഴിക്കുന്നതിനും ലൈംഗീക ജീവിതസംത്രുപ്തിക്ക് ശേഷം അവളെ മൊഴി ചോല്ലുന്നതിനും പുരുഷന് അനുവാദം നല്‍കിക്കൊണ്ടുള്ള ഡീസന്‍സി ഭവനങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ ഇറാന്‍ പോലും തയ്യാറായിരിക്കുന്ന ഈ കാലത്ത്, നമ്മുടെ അയല്‍ക്കാര്‍ ആയ ബംഗ്ലാദേശ് ഈ കാര്യത്തില്‍ നമ്മളെക്കാള്‍ സഹിഷ്ണുത പുലര്‍ത്തുന്നുണ്ട്. ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാത്ത ഒരു സ്ത്രീക്ക് ലൈംഗീക തൊഴിലില്‍ ഏര്‍പ്പെടാന്‍ ബംഗ്ലാദേശ് ലൈസന്‍സ് നല്‍കുന്നു. ലോകം ഇത്രയും ചെറുതായിട്ടും ഇന്ത്യക്ക് ഇനിയും നേരം വെളുത്തിട്ടില്ല!


     ലൈംഗീക തൊഴില്‍ നിയമപരമായി അംഗീകരിക്കപ്പെട്ട ആസ്ത്രേലിയയെപ്പോലുള്ള രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയില്‍ ലൈംഗീക തൊഴില്‍ ഒരു സാമൂഹ്യ തിന്മയായി പരിഗണിക്കപ്പെടുന്നു. എന്നിട്ടും ലൈംഗീക തൊഴില്‍ ഒരു തീവ്രനഗ്നസത്യമായി സമൂഹത്തില്‍ പടര്‍ന്നുകയറി താണ്ഡവമാടുന്നു...!!

-ലിവിങ്ങ്സ്റ്റണ്‍

Thursday, March 22, 2012

DEMISE OF C.K CHANDRAPPAN (22-03-2012)



     ആദര്‍ശ രാഷ്ട്രീയത്തിന്റെ കരുത്തുറ്റ വക്താവും വിട്ടുവീഴ്ചയില്ലാത്ത  നിലപാട്തറയുടെ പ്രതിരൂപവും പരിചയപ്പെടുന്ന ആരുടേയും മനസ്സില്‍ ആത്മാര്‍ത്ഥ ബഹുമാനം അങ്കുരിപ്പിക്കുന്ന സവിശേഷ വ്യക്തിത്വത്തിന് ഉടമയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേരളത്തിലെ അമരക്കാരനും ആയ സഖാവ് സി.കെ ചന്ദ്രപ്പന് 'ദി മിറര്‍'-ന്റെ ആദരാഞ്ജലികള്‍!!!


-'ദി മിറര്‍' ടീം

Tuesday, March 20, 2012

KERALA BUDGET 2012- OVERVIEW (A.L ANTONY)

     1975-ല്‍ ആദ്യമായി മന്ത്രി ആയ കെ.എം മാണി ആദ്യമായി ബഡ്ജറ്റ് അവതരിപ്പിക്കുന്നത്‌  1976-ല്‍ ആണ്. 10 തവണ ബഡ്ജറ്റ്  അവതരിപ്പിച്ച കേരളത്തിലെ ഏക മന്ത്രി ആയ കെ.എം മാണിയുടെ  ഇത്തവണത്തെ ബഡ്ജറ്റില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം  56 ആക്കി നിജപ്പെടുത്തിയത് ഒട്ടേറെ ജീവനക്കാര്‍ക്ക് ആശ്വാസം പകരും. കൊച്ചി മെട്രോ പദ്ധതിക്ക് ഇപ്പോള്‍ നീക്കി വച്ചിട്ടുള്ള തുക ഈ കാലാവധിയിലേക്ക് മതിയാവുന്നതാണ്. കേരകര്‍ഷകര്‍, നെല്‍കര്‍ഷകര്‍, മത്സ്യമേഖലയിലെ  തൊഴിലാളികള്‍, മറ്റു താഴേക്കിടയിലെ ജോലിക്കാര്‍ എന്നിവര്‍ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്നവരുടെ വിദ്യാഭ്യാസ വായ്പകളുടെ  പലിശ എഴുതിത്തള്ളിയത് അവരുടെ പുരോഗതിയിലേക്കുള്ള കുതിപ്പിന്റെ ഭാരം കുറയ്ക്കാന്‍ സഹായകമാവും. പെന്‍ഷന്‍ തുകകള്‍ വര്‍ധിപ്പിച്ചത് പ്രായമായവര്‍ക്ക് സന്തോഷദായകമാണ്.
     കാലികപ്രസക്തിയുള്ള വിഷയം എന്ന നിലയില്‍ മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്ന സബ്സീഡി ഉയര്‍ത്തുകയും നടപടിക്രമങ്ങള്‍ ലളിതമാക്കുകയും ചെയ്തത് നല്ലൊരു തീരുമാനം ആണ്.
     വയനാട്, കണ്ണൂര്‍, ഇടുക്കി ജില്ലകള്‍ക്ക്‌ വിമാനത്താവളം അനുവദിക്കുന്നത് ടൂറിസം മേഖലയെ ലക്‌ഷ്യം വച്ചുള്ള നീക്കം എന്ന നിലയില്‍ വളരെ പോസിറ്റീവ് ആണ്. വയനാടിനു ഇപ്പോഴത്തെ റോഡിനു സമാന്തരമായി പുതിയൊരു റോഡിനും കളമൊരുക്കിയിട്ടുണ്ട്. മലപ്പുറം ജില്ലക്ക് ആയുര്‍വേദ സര്‍വകലാശാല, തൊഴില്‍ വൈദഗ്ധ്യം ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ രംഗത്തെ അലകും പിടിയും മാറ്റല്‍, അഭ്യസ്തവിദ്യര്‍ക്ക് സഹായകമാകുന്ന പദ്ധതികള്‍, എല്ലാ ജില്ലകളിലും കിന്‍ഫ്ര പാര്‍ക്കുകള്‍, എല്ലാ ജില്ലകളിലും എയര്‍ സ്ട്രിപ്പുകള്‍ ഇതെല്ലാം വിദ്യാഭ്യാസ, വികസന മേഖലകളിലെ നിര്‍ണ്ണായകമായ ചുവടുകള്‍ ആണ്.
     ചുരുക്കത്തില്‍ കാര്‍ഷിക, വാണിജ്യ, വ്യാവസായിക, ഗതാഗത, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ അതീവശ്രദ്ധ പതിപ്പിച്ചുകൊണ്ടും മൊത്തത്തിലുള്ള വികസനത്തില്‍ വിട്ടുവീഴ്ച ചെയ്യാതെയും ഉള്ള പരമാവധി കുറ്റമറ്റ ബട്ജറ്റ് ആണ് ഇത് എന്ന് പ്രതിപക്ഷത്തിന് അറിയാമെങ്കിലും എന്തിനെയും എതിര്‍ക്കുക എന്ന ശീലം ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രം അവര്‍ ഇപ്പോള്‍ നടത്തുന്ന സമരത്തെ ആഭാസം എന്നല്ലാതെ എന്ത് പറയാന്‍??!!!

-എ.എല്‍ ആന്റണി
(കേരള കോണ്‍ഗ്രസ് (എം) മണലൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ്,
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം)

Monday, February 6, 2012

NURSES- SLAVES OR VICTIMS?



     ഇന്ത്യന്‍ നഴ്സിംഗ് മേഖലയില്‍ ഒരു അഗ്നിപര്‍വതസ്ഫോടനം നടന്നിരിക്കുകയാണ്. അതിന്റെ ലാവ ഇന്ത്യന്‍ ആതുരശുശ്രൂഷാരംഗത്ത്‌ ഇനിയും കുറച്ചു നാള്‍ കൂടി പടര്‍ന്നൊഴുകിക്കൊണ്ടിരിക്കും. സഹനത്തിന്റെ എല്ലാ സീമകളും ലംഘിക്കപ്പെട്ടപ്പോള്‍ ആണ് നഴ്സുമാര്‍ സമരരംഗത്തേക്ക് വലിച്ചെറിയപ്പെട്ടത്‌. നഴ്സുമാരുടെ ചോരയും വിയര്‍പ്പും കിനിയുന്ന പണം വാങ്ങി കീശ വീര്‍പ്പിക്കുകയും അവരുടെ ന്യായമായ ആവശ്യങ്ങളോട് പോലും പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന മാനേജുമെന്റുകള്‍ക്ക് പക്ഷെ, ഇനിയും കൂലിത്തല്ലുകാരെക്കൊണ്ടോ പരിഹാസം കൊണ്ടോ തടഞ്ഞു നിര്‍ത്താനാവില്ല ഈ ജീവിതസമരങ്ങളെ.


     മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിട്യൂട്ടില്‍, തൊഴില്‍ സമ്മര്‍ദ്ധങ്ങളില്‍ കുരുങ്ങി  ആത്മഹത്യയില്‍ അഭയം തേടിയ ബീന ബേബിയുടെ മരണം തങ്ങള്‍ ഓരോരുത്തരുടെയും ആണെന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞ, ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഉള്ള മലയാളി നഴ്സുമാര്‍ ദല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ സമരങ്ങള്‍ ആരംഭിച്ചു. പൊതുസമൂഹമനസ്സ് നഴ്സുമാര്‍ക്കൊപ്പം ആണെന്ന് മനസ്സിലാക്കിക്കൊണ്ട്, നഴ്സുമാര്‍ അടിമകള്‍ അല്ലെന്നു മാനേജുമെന്റ്സിനെ ഓര്‍മ്മിപ്പിച്ച സുപ്രീംകോടതി സമരക്കാരുടെ ആവശ്യങ്ങളോട് അതിവേഗം അനുകൂലമായി പ്രതികരിച്ചു.

     പതിയെ കേരളത്തിലെ നഴ്സുമാരെയും സമരചിന്തകള്‍ സ്വാധീനിച്ചു തുടങ്ങി. തൃശൂരിലെ മദര്‍ ആശുപത്രിയില്‍ ആദ്യ സമരത്തിനു നോടീസ് കൊടുത്തപ്പോള്‍ എല്ലാവരും വെറും തമാശയായി ആണ് കണ്ടത്. പക്ഷെ നഴ്സുമാരുടെ നീക്കം വിജയത്തിലേക്ക് എത്തിയത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. കൊല്ലത് ശങ്കേര്‍സ് ആശുപത്രിയിലും അസ്സീസ്സി ആശുപത്രിയിലും സമരം നടന്നത് ഇതിനു തൊട്ടു മുന്‍പായിരുന്നു. ശങ്കേര്‍സ് ആശുപത്രിയില്‍ നഴ്സുമാരെ വാടക ഗുണ്ടകളെക്കൊണ്ടായിരുന്നു നേരിട്ടത്. മാനേജുമെന്റിന്റെ ഇഷ്ടക്കാരായ ചില നഴ്സുമാരും ഉണ്ടായിരുന്നു, സഹപ്രവര്‍ത്തകരെ തല്ലിയൊതുക്കാന്‍!

     കടുത്ത കാര്‍ക്കശ്യവും ഗൌരവവും ചൂഴ്ന്നു നില്‍ക്കുന്ന, കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളില്‍ ഒന്നായ, എറണാകുളം അമൃത ഹോസ്പിറ്റല്‍ ആയിരുന്നു അടുത്ത സമരവേദി. പക്ഷെ കാരുണ്യത്തിന്റെ പ്രവാചകയായ മാതാ അമൃതാനന്ദമയിയുടെ പേരിലുള്ള ഈ സ്ഥാപനത്തില്‍ നിന്നുണ്ടായ പ്രതികരണം കേരളത്തിന്റെ പൊതുമനസ്സാക്ഷിയെ  തന്നെ ഞെട്ടിച്ചു. സമരത്തിന്‌ പദ്ധതിയിട്ട മൂന്നു നഴ്സുമാരെ പിരിച്ചു വിട്ടു. നഴ്സുമാരുടെ സംഘടനാ നേതാക്കളെ ചര്‍ച്ചക്കെന്ന പേരില്‍ ആശുപത്രിക്കുള്ളില്‍ വിളിച്ചു വരുത്തിയിട്ട് അതിനകത്തിട്ടു ഗുണ്ടകലെക്കൊണ്ട് തല്ലിച്ചതച്ചു. ഭീകരമര്‍ദ്ധനത്തില്‍ കാല്‍മുട്ട് തകര്‍ന്ന നഴ്സസ് സംസ്ഥാനസമിതി അംഗം മാസങ്ങള്‍ നീളുന്ന കിടപ്പിലാണ്. പക്ഷെ അമൃതയുടെ പ്രവൃത്തി സംഘടന ശക്തിപ്പെടുത്തിയെന്നു യു.എന്‍.എ പ്രസിടണ്ട് ജാസ്മിന്‍ ഷാ പറയുന്നു. ഗുണ്ടായിസത്തിന്റെ അറ്റം വരെയെത്തിയപ്പോള്‍ അമൃതയിലെ 90  ശതമാനം നഴ്സുമാരും സമരത്തിനിറങ്ങി. അടുത്ത രണ്ടു മൂന്നു ആഴ്ചകള്‍ കൊണ്ട് കേരളത്തിലെ മുന്നൂറോളം ആശുപത്രികളില്‍ യു.എന്‍.എ യൂണിറ്റുകള്‍ തുടങ്ങി. സമരങ്ങളും പടര്‍ന്നു പിടിക്കുന്നു.

     തികച്ചും ശോചനീയമായ തൊഴില്‍ സാഹചര്യത്തിലാണ് ഇന്ത്യയിലെ നഴ്സുമാര്‍ ആതുരസേവനം നടത്തുന്നത്. ജോലിയുടെ പ്രത്യേകതകൊണ്ടും ഭൂരിപക്ഷവും സ്ത്രീകള്‍ ആയതുകൊണ്ടും പൊതുവേ തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ ഇവര്‍ ശ്രമിക്കാറില്ല. എന്നിട്ടും മുംബൈ, കൊല്‍ക്കത്ത, ദല്‍ഹി തുടങ്ങിയ വന്‍ നഗരങ്ങളിലെ നഴ്സുമാര്‍ ശമ്പള വര്‍ധനക്കും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ക്കുമായി സമരം ചെയ്യാന്‍ നിര്‍ബന്ധിതരായെങ്കില്‍ അതിനു പിന്നിലെ ദുരിതങ്ങള്‍ സഹിക്കാവുന്നതിനും അപ്പുറത്തേക്ക് എത്തിയതുകൊണ്ടു മാത്രമായിരിക്കും.

     മിനിമം വേതന നിയമവും മറ്റും നിലവിലുണ്ടെങ്കിലും വളരെ തുച്ചമായ ശംബലതിനാണ് മിക്ക സ്വകാര്യ ആശുപത്രികളിലും നഴ്സുമാര്‍ സേവനം നടത്തി വരുന്നത്. ചുമതലകള്‍ ഏറെ കൂടുതല്‍ ഉള്ള ഐ. സി. യു പോലുള്ള വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക അലവന്‍സുകള്‍ ഒന്നും തന്നെ നല്‍കാറില്ല. ഒരു ദിവസത്തില്‍ 12 മണിക്കൂര്‍ ജോലി ചെയ്യുന്ന ഇവരാകട്ടെ തുടര്‍ന്നും 24 മണിക്കൂറും എപ്പോള്‍ വിളിച്ചാലും ജോലിക്ക് എത്തേണ്ട വിധം ഓണ്‍ കാള്‍ ഡ്യൂട്ടിയിലും ആയിരിക്കും! വാരാന്ത്യ അവധികലോന്നും നല്കാത്തതുമൂലം ഒരു മാസത്തില്‍ 28 മുതല്‍ 30  ദിവസം വരെ  തുടര്‍ച്ചയായി പല ആശുപത്രികളിലും നഴ്സുമാര്‍ ജോലി ചെയ്യേണ്ടി വരുന്നു. നഴ്സുമാര്‍ക്ക് പ്രസവാവധി പോലും നല്‍കാത്ത ആശുപത്രികള്‍ ഉണ്ട് എന്നത് എത്ര പേര്‍ക്ക് അറിയാം? പലയിടത്തും താമസ സൌകര്യങ്ങള്‍ പോലും തികച്ചും ശോചനീയമാണ്. ജനറല്‍ വാര്‍ഡില്‍ അഞ്ചു രോഗികള്‍ക്കും ഐ. സി. യു- വില്‍ ഒരു നഴ്സ് വീതം വേണമെന്നാണ് നിയമം അനുശാസിക്കുന്നത്. പക്ഷെ 15  വരെ രോഗികളെ ഒരു നഴ്സ് തന്നെ പരിചരിക്കുന്ന ആശുപത്രികള്‍ ധാരാളം ഉണ്ട്. ഇതെല്ലാം സഹിച്ചു ജോലി ചെയ്യാന്‍ അധികൃതര്‍ നഴ്സുമാരില്‍ പല തരത്തില്‍ നിര്‍ബന്ധം ചെലുത്താറുണ്ട്. ജോലിക്ക് ചേരുമ്പോള്‍ തന്നെ നഴ്സുമാരുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വയ്ക്കുന്ന ആശുപത്രി മാനേജുമെന്റുകള്‍ 2 വര്‍ഷത്തേക്ക് ജോലി ചെയ്യാമെന്നുള്ള ബോണ്ടും നഴ്സുമാരില്‍ നിന്നും ഒപ്പ് ഇട്ടു വാങ്ങാറുണ്ട്. ബോണ്ടിന്റെ കാലാവധിക്ക് മുന്‍പ് ജോലിയില്‍ നിന്നും വിരമിച്ചാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കാന്‍ ഒരു ലക്ഷം രൂപ വരെയാണ് ആശുപത്രി അധികൃതര്‍ വാങ്ങുന്നത്. മാത്രവുമല്ല കൂടുതല്‍ മെച്ചപ്പെട്ട ജോലിക്കുള്ള അവസരം കിട്ടുന്നവര്‍ക്ക് പ്രവൃത്തി പരിജയ സര്‍ട്ടിഫിക്കറ്റ് പോലും കൊടുക്കാതിരിക്കുകയും ചെയ്യും! അങ്ങനെ ആതുര സേവന രംഗത്തെ മാലാഖമാര്‍ എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന, ഫ്ലോറന്‍സ് നൈറ്റിംഗെയിലിന്റെ പിന്‍ഗാമികളെ അടിമപ്പണി ചെയ്യിക്കുന്ന ആശുപത്രികള്‍ക്ക് ഡോക്ടര്‍മാര്‍ക്ക് എത്ര വേണമെങ്കിലും ശമ്പളം കൂട്ടിക്കൊടുക്കാന്‍ ഒരു മടിയുമില്ല. ജോലിഭാരത്തിന്റെയും വേതനത്തിന്റെയും കാര്യത്തില്‍ ഇത്രയും വിപരീതാനുപാതം നിലനില്‍ക്കുന്ന മറ്റൊരു തൊഴില്‍ മേഖലയും ഉണ്ടെന്നു തോന്നുന്നില്ല.

     ദല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ ആശുപത്രിയിലെ മലയാളി നഴ്സ് ആയ ആന്‍സി ദല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഒരു കേസിനെ തുടര്‍ന്ന് നഴ്സുമാരുടെ അടിമപ്പണി അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ആശുപത്രികളില്‍ മാത്രമല്ല, നഴ്സിംഗ് കൊല്ലെജുകളിലെ നഴ്സിംഗ് വിദ്യാര്‍ഥിനികളും നിരവധി പീഡനങ്ങള്‍ നേരിടുന്നുണ്ട്. രാംമനോഹര്‍ലോഹ്യ നഴ്സിംഗ് കൊല്ലെജിലെ പ്രിന്‍സിപ്പല്‍ നിര്‍മ്മല സിംഗിന്റെ നീചമായ പെരുമാറ്റത്തിന് വിധേയയായ ആതിര റോയി എന്നാ മലയാളി വിദ്യാര്‍ഥിനിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ അഖിലേന്ത്യാ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിലെ ആശുപത്രികളിലും നഴ്സുമാരെയും നഴ്സിംഗ് വിദ്യാര്‍ഥിനികളെയും രോഗികളുടെ സാന്നിധ്യത്തില്‍ അലറിക്കൊണ്ട്‌ നികൃഷ്ടമായി വഴക്ക് പറയുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന മേട്രന്മാരുടെയും മറ്റു അധികാരികളുടെയും കാട്ടാളത്തം പലപ്പോഴും രോഗികളുടെ സന്ദര്‍ശകരെ ഇടപെടീക്കുന്ന അത്രയും അമിതം ആവാറുണ്ട് എന്നത് ഒരു ഭീകര സത്യം ആണ്.


     എന്തായാലും നഴ്സുമാരുടെ ഇപ്പോഴത്തെ ഉയിര്‍ത്തെഴുന്നെല്പ്പു ശുഭോതര്‍ക്കമാണ്. വര്‍ഷങ്ങളോളം നിശബ്ദമായി പീഡനം അനുഭവിച്ചുകൊണ്ടിരുന്ന കേരളത്തിനകത്തെയും പുറത്തെയും നഴ്സുമാര്‍ ഉണന്നു കഴിഞ്ഞു. ഈ വെള്ളരിപ്രാവുകളുടെ സമരവസന്തത്തിനു ഇന്ത്യയിലെയും പുറത്തെയും എല്ലാ മനുഷ്യസ്നേഹികളുടെയും ശക്തമായ പിന്തുണയുണ്ട്.
-രഞ്ജന ഡെന്നി

Thursday, January 26, 2012

NORTH KOREA... COMMUNIST?



     കമ്മ്യൂണിസ്റ്റ് രാഷ്ട്രമായാണ് അറിയപ്പെടുന്നതെങ്കിലും വടക്കന്‍ കൊറിയയില്‍ ഭരണം നടത്തുന്നത് യഥാര്‍ത്തത്തില്‍ സഖാവ് കിമ്മിന്റെ കുടുംബവും സൈന്യവും ചേര്‍ന്നാണ്. തന്റെ അവസാനകാലമായപ്പോള്‍ മകന്‍ കിമ്മിനെ വാഴിക്കുന്നതിനു മുന്‍പ് കിം ജോംഗ് ഇല്‍ ചെയ്തത് ഒരു പ്രവര്‍ത്തനപരിചയവും ഇല്ലാത്ത മകനെ നാല് നക്ഷത്രങ്ങള്‍ ഉള്ള സൈനീക ജനറല്‍ ആക്കുകയാണ്. മകന്‍ മാത്രമല്ല, അന്തരിച്ച ഏകാധിപതിയുടെ സഹോദരി കിം ക്യോംഗ് ഹീ- യും അവരുടെ ഭര്‍ത്താവ് ജംഗ് സോംഗ് തേക്- ഉം നാല് നക്ഷത്രങ്ങള്‍ ഉള്ള ജനറല്‍മാരാണ്. കിം ജോംഗ് ഇല്‍ കഴിഞ്ഞാല്‍ ഭരണത്തിലെ അവസാന വാക്ക് ഈ സഹോദരീ ഭര്‍ത്താവ് ആയിരുന്നുവത്രേ. ഇവരെ നിലക്ക് നിറുത്താനായി കുറച്ചു കാലം 'പുനര്‍ രാഷ്ട്രീയ വിദ്യാഭ്യാസത്തിനായി' ഏതോ കൊറിയന്‍ ഉള്‍നാട്ടിലേക്ക് അയച്ചുവെങ്കിലും പിന്നീട് തിരിച്ചു വിളിക്കുകയായിരുന്നു. അടുത്ത ഭരണാധികാരി ആരായിരുന്നാലും യഥാര്‍ത്ഥ ഭരണം ഈ അളിയന് ആയിരിക്കുമെന്നാണ് അരമനരഹസ്യം. മകന്‍ കിമ്മിന് പക്വത ഇതും വരെ അളിയന്‍ റീജന്റ് ആയി ഭരിക്കാന്‍ ആണത്രേ സാധ്യത. കാരണം അധികാരശ്രേണി അനുസരിച്ച് പ്രഥമ സ്ഥാനത്തുള്ള, ഉത്തര കൊറിയക്ക് ഉണ്ടെന്നു പറയപ്പെടുന്ന 2 ആനവപോര്മുനകളുടെയും നിയന്ത്രണം കയ്യാളുന്ന, നാഷണല്‍ ഡിഫന്‍സ് കമ്മീഷനില രണ്ടാം സ്ഥാനക്കാരനാണ് അളിയന്‍ ജംഗ് സോംഗ് തേക്.


     മകന്‍ കിം നാഷണല്‍ ഡിഫന്‍സ് കമ്മീഷനിലേക്ക് ഉയര്‍ത്തപ്പെടുകയും അങ്ങനെ ഒരു അധികാരമത്സരം ഉണ്ടാവുമെന്നും അങ്ങനെ ഇവരില്‍ ഒരാള്‍ ഒതുക്കപ്പെടുമെന്നും മനപ്പായസം ഉണ്ണുന്ന പാശ്ചാത്യ മാധ്യമങ്ങള്‍ കാണാതെ പോവുന്നത് ചൈന എന്നാ വലിയൊരു ഘടകത്തെയാണ്. ചൈനയെപ്പോലും അറിയിക്കാതെ ഗൗരവമുള്ള കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുകയും നടപ്പാക്കുകയും ചെയ്യുന്ന നിഗൂഡരാഷ്ട്രം എന്നൊക്കെ ഭംഗിയില്‍ പറയുന്നുണ്ടെങ്കിലും ഉത്തര കൊറിയക്ക് തങ്ങളോടുള്ള വിധേയത്വം ചൈനക്ക് നന്നായി അറിയാം. ദക്ഷിണ കൊറിയയെയും ജപ്പാനെയും മുന്‍നിറുത്തിയുള്ള അമേരിക്കയുടെ  ഏഷ്യയിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തടയാന്‍ പറ്റിയ കൃത്യമായ കരുതല്‍ മേഖലയാണ് ഉത്തര കൊറിയ എന്നതുകൊണ്ട്‌ തന്നെ അവിടത്തെ ഏത് അധികാരമത്സരവും കൈവിട്ടുപോവാതിരിക്കാന്‍ ചൈന ശ്രദ്ധിക്കും എന്നത് ഉറപ്പാണ്.പിന്‍ഗാമിയായി പ്രഖ്യാപിക്കുന്നതിനു മുന്‍പ് മകനെയും കൊണ്ട് കിംഗ് ജോംഗ് ഇല്‍ ചൈന സന്ദര്‍ശിച്ചിരുന്നു എന്നാ വസ്തുത, ചരടുകള്‍ എവിടെയാണെന്ന് വ്യക്തമാക്കുന്നു. 9500 ആണവ പോര്‍മുനകള്‍ ഉള്ള അമേരിക്കയെ വെറും 2 പോര്‍മുനകള്‍ മാത്രം ഉള്ള (അതും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല) ഉത്തരകൊറിയ വിറളി പിടിപ്പിക്കുന്നതും അതുകൊണ്ടാണ്.


     ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും കാര്യത്തില്‍ ആര്‍ക്കും വിദൂര പ്രതീക്ഷകള്‍ പോലും ഉത്തര കൊറിയയുടെ കാര്യത്തില്‍ വേണ്ട. പത്ത് ലക്ഷം വരുന്ന സൈനീകരുടെയും വധശിക്ഷ ഉള്‍പ്പെടെയുള്ള അടിച്ചമര്‍ത്തലിന്റെയും മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ തങ്ങള്‍ക്കു കഴിവില്ലെന്ന് അറിയാവുന്ന ജനത കൊടിയ പട്ടിണി സഹിച്ചും ഭരണകൂടവിധേയരായി കഴിഞ്ഞുകൂടും എന്നതിനാല്‍ തന്നെ തത്കാലം പയ്യന്‍ സഖാവ് കിം മൂന്നാമന്‍ വടക്കന്‍ കൊറിയ വാഴും!!!
-ഷാജി കാക്കശ്ശേരി

Friday, January 20, 2012

BUDDHA & INDIA



     തിബറ്റിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന, സ്വതന്ത്ര തിബറ്റ് എന്ന സംഘടന പറയുന്നു, തിബറ്റിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി നടക്കുന്ന ബുദ്ധ സന്ന്യാസിനീ-സന്ന്യാസികളുടെ മരണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്ന്. ഒരു പ്രകടനത്തിനിടയില്‍ 2 തിബട്ടുകാരെ ചൈനീസ് സുരക്ഷാസേന വെടിവച്ചു കൊന്നു. ഈ 2 കാര്യങ്ങളും ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ല എന്ന് സ്വതന്ത്ര തിബറ്റിന്റെ ഡയരക്ടര്‍ സ്റെഫാനി ബ്രിട്ജന്റെ അഭിപ്രായത്തില്‍ സ്വയം തീ കൊളുത്തി മരിക്കുന്നത് മുന്‍പൊന്നും ഇല്ലാതിരുന്ന വിധം കൂടിക്കൊണ്ടിരിക്കുകയാണ്. ചൈനയുടെ പല ഭാഗങ്ങളിലേക്കും പടര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ ചൈന അതിശക്തമായാണ് നേരിടുന്നത്.
     ബുദ്ധ വിഹാരങ്ങള്‍ക്ക് മേലുള്ള ചൈനീസ് നിയന്ത്രണം മാറ്റുന്നതിന് വേണ്ടി ദലൈലാമ ഉപവാസം അനുഷ്ടിച്ചിരുന്നു. പ്രതിഷേധ ആത്മഹത്യാ കണ്ണികളില്‍ ആദ്യത്തെ സ്ത്രീ ആണ് വാങ്ങ്മോ. ഭിക്ഷുക്കളുടെ ആത്മഹത്യക്ക് ജനങ്ങള്‍ക്കിടയില്‍ കലാപത്തിന്റെ തീ പടര്‍ത്താന്‍ കഴിവുണ്ട്. അടുത്ത ദലൈലാമയെ തിരഞ്ഞെടുക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കെതിരെ തിബട്ടുകാര്‍ക്കുള്ള അസംത്രുപ്തിയിലേക്ക് ലോക ശ്രദ്ധ കൊണ്ടുവരാനും ഇത്തരം ആത്മഹത്യക്ക് കഴിയും.


     ക്രമസമാധാനം നിലനിറുത്താന്‍ കൂടുതല്‍ ശക്തമായ നടപടികള്‍ വേണമെന്നാണ് ചൈനയുടെ വിദേശകാര്യ വക്താവിന്റെ നിലപാട്. രാജ്യസ്നേഹ പഠന ക്ലാസ്സുകളിലേക്ക് ബുദ്ധഭിക്ഷുക്കളെ നിര്‍ബന്ധിച്ചു അയക്കുന്നുമുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് കൂടുതല്‍ സൈന്യം എത്തിക്കൊണ്ടിരിക്കുകയാണ്. 
     സമീപകാലത്തെ ആത്മഹത്യകളില്‍ നിന്നും ബീജിങ്ങിനു പഠിക്കാന്‍ ഏറെയുണ്ട്. സിന്‍ചിയാങ്ങ്‌ , തിബറ്റ് എന്നിവിടങ്ങളിലെ പാര്‍ട്ടി സെക്രട്ടറിമാരുടെ കടുത്ത നയപരിപാടികള്‍ ഭരണത്തിനെതിരെയുള്ള ഒളിപ്പോര്‍ ശക്തമാകാനെ ഉപകരിച്ചിട്ടുള്ളൂ. തിബറ്റ് കേന്ദ്രമായുള്ള കലാപം ഇപ്പോള്‍ തിബറ്റിനു പുറത്തേക്കും വ്യാപിക്കുകയാണ്. തങ്ങളുടെ കടുത്ത സൈനീക നടപടികളെക്കുറിച്ച് ചൈന വീണ്ടുവിചാരം നടത്തിയില്ലെങ്കില്‍ ജീവഹാനിയുടെ വര്‍ധനവ്‌ മാത്രമായിരിക്കും ഫലം.
     അമേരിക്ക ആസ്ഥാനമായുള്ള ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഇരട്ടത്താപ്പ് ലോകം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. സമാധാനത്തിന്റെ അപ്പസ്തോലന്മാരായ അമേരിക്കയും യൂറോപ്പും കണ്ണടച്ച് പാല് കുടിക്കുന്നു.


നയതന്ത്രത്തിന്റെ പേരും പറഞ്ഞുകൊണ്ട്, ന്യുദല്‍ഹി മിണ്ടാതിരിക്കുന്നു. ആണവ പരീക്ഷണത്തിനു ബുദ്ധന്‍ ചിരിക്കുന്നു എന്ന് പേരിട്ട ഇന്ത്യയില്‍ നിന്നും ഇതില്‍ കൂടുതലായി എന്ത് പ്രതീക്ഷിക്കാന്‍!!!!!
-രാജേഷ്‌ കാക്കശ്ശേരി

Friday, January 13, 2012

MASTERS or DONKEYS?



     നിയമസഭാസാമാജികര്‍ ജനപ്രതിനിധികള്‍ എന്നാണു പറയപ്പെടുന്നത്‌  എന്നതു എം.എല്‍.എ- മാര്‍ സൌകര്യപൂര്‍വ്വം മറക്കുന്ന ഒരു കാര്യമാണ് എന്നിരിക്കെ, ആരാണ് അവരുടെ യജമാനന്മാര്‍ എന്ന ചോദ്യത്തിന് ജനം എന്ന ഉത്തരം സംശയരഹിതമാണല്ലോ. തങ്ങളുടെ താല്പര്യം സംരക്ഷിക്കാന്‍ തങ്ങളെ  പ്രതിനിധീകരിച്ചു നിയമസഭയില്‍ ഹാജരാകുവാന്‍ പറഞ്ഞയയ്ക്കുന്നത് അതാതു നിയമസഭാ മണ്ഡലങ്ങളിലെ യജമാനന്മാര്‍ ആണ് എന്നതുകൊണ്ട് തന്നെ യജമാനന്മാര്‍ക്ക് ഇല്ലാത്ത യാതൊരു അവകാശങ്ങളും അധികാരങ്ങളും പ്രതിനിധികള്‍ക്കും ഉണ്ടാകാന്‍ പാടില്ലാത്തതല്ലേ? പക്ഷെ അവരുടെ ജോലികള്‍ വേണ്ടപോലെ നിര്‍വഹിക്കാന്‍ ഉള്ള സൌകര്യാര്‍ത്ഥം അവര്‍ക്ക് ചില സവിശേഷ അവകാശങ്ങള്‍ നല്‍കിയിട്ടുമുണ്ട്. ഇതാണ് പ്രിവിലേജ്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള മുന്‍ഗണനയും ഈ ചുമതലകള്‍ നിര്‍വഹിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്. എന്നാല്‍ സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ പിന്നെ, ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ക്ക് പൂരകമായി സഭയില്‍ പ്രവര്‍ത്തിക്കുന്നതിനു പകരം, കാര്യങ്ങളൊന്നും തന്നെ അവരോടു ആലോചിക്കാതെ, അവരെ അവഹേളിക്കുന്ന തരത്തില്‍ പല എം.എല്‍.എ-മാരും സഭയില്‍ പ്രവര്‍ത്തിക്കുന്നു എന്നത് ഒരു ദുരന്തമാണ്.


      ലഘുവായ്പ്പകളും വാഹന, ഭാവന വായ്പ്പകള്‍ക്കുള്ള അലവന്‍സുകളും പ്രിവിലെജും പ്രോട്ടോക്കോള്‍ പ്രകാരം കലക്ടരെക്കാള്‍ മുന്തിയ സ്ഥാനവും ഒക്കെക്കൂടി അഹങ്കാരികള്‍ ആക്കുന്ന എം.എല്‍.എ-മാരെ യജമാനന്മാര്‍ ആയ ജനങ്ങള്‍ അങ്ങോട്ട്‌ ചെന്ന് കണ്ടു നിവേദനങ്ങളും കൊടുത്തു താണുതൊഴുതു കൈകൂപ്പി നില്‍ക്കുന്നിടത്താണ് തങ്ങള്‍ തമ്പുരാക്കന്മാര്‍ ആണെന്ന് വെറും പ്രതിനിധികള്‍ക്ക് തോന്നുന്നത്. തങ്ങളുടെ പ്രതിനിധികള്‍ നിയമസഭയില്‍ സഭ്യേതരമായി പെരുമാറുമ്പോള്‍ അവരെ വിളിച്ചു വരുത്തി സമാധാനം പറയിക്കാന്‍ ഉള്ള അവകാശം അതാതു നിയോജകമണ്ഡലങ്ങളിലെ ജനങ്ങള്‍ വിനിയോഗിക്കുമ്പോള്‍ ആണ് ജനാധിപത്യം ശക്തമാവുന്നത്.
     നിയമസഭയില്‍ ഭരണിപ്പാട്ടും കയ്യാങ്കളിയും നടത്തുന്ന എം.എല്‍.എ-മാര്‍ തങ്ങള്‍ക്കു അപമാനം ആണെന്ന് തിരിച്ചറിഞ്ഞു അവരെ ജനകീയ വിചാരണ ചെയ്യാന്‍ അതാതു മണ്ഡലങ്ങളിലെ ജനങ്ങള്‍ക്ക്‌ അവസരം വേണം. ഓരോ നിയമസഭാ സമ്മേളനം കഴിയുമ്പോഴും മണ്ഡലത്തിലെ ജനങ്ങളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി പറയാന്‍ എം.എല്‍.എ ബാധ്യസ്ഥനാവുമ്പോള്‍ മാത്രമേ താന്‍ കൊമ്പത്തെ തമ്പുരാന്‍ അല്ല എന്ന ചിന്ത അവരില്‍ ഉണ്ടാവൂ. എം.എല്‍.എ-മാര്‍ മര്യാദക്കാര്‍ ആവണമെങ്കില്‍ അവരെ തിരിച്ചു വിളിക്കുന്നതിനുള്ള അധികാരം മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ഉണ്ടായേ തീരൂ.


     ജനാധിപത്യവ്യവസ്ഥയില്‍ ഏത് രംഗത്തും നടക്കുന്ന ക്രമക്കേടുകള്‍ ജനത്തിനെതിരാണ്. വ്യവസ്ഥാപിത നിയമങ്ങള്‍ പരാജയപ്പെടുമ്പോള്‍, മനപ്പൂര്‍വം നടപ്പാക്കാതിരിക്കുമ്പോള്‍, ശക്തമായ സാമൂഹ്യനിയമങ്ങള്‍ ഉയര്‍ന്നു വരണം; ജനം ഉണരണം. അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ അധികാരം ഉള്ളവര്‍ എല്ലാം ചേര്‍ന്ന് പൊതുജനങ്ങളെ ഇനിയും കഴുതകള്‍ ആക്കിക്കൊണ്ടിരിക്കും!!!
-കാസ്സി ജേക്കബ്, ദോഹ

Thursday, January 5, 2012

GENDER INEQUALITY IN INDIA

     ഇരുപത്തിഒന്നാം നൂറ്റാണ്ടു പിടക്കോഴി കൂവുന്ന നൂറ്റാണ്ടു ആണെന്ന് പണ്ടെന്നോ പ്രഖ്യാപിച്ച രസികന്‍, ഒരിക്കലും കാര്യങ്ങള്‍ ഇത്രത്തോളം എത്തുമെന്ന് കരുതിയിട്ടുണ്ടാവില്ല. പിടക്കോഴികള്‍ ഇപ്പോള്‍ കൂവുക മാത്രമല്ല, പൂവന്‍ കോഴികളുടെ വംശനാശം ആഗ്രഹിക്കുക കൂടി ചെയ്യുന്നുണ്ട് എന്ന് തോന്നും നമ്മുടെ സ്ത്രീകളുടെ ഇപ്പോഴത്തെ ഭാഷയും ഭാവവും കാണുമ്പോള്‍! സത്യത്തില്‍ നമ്മുടെ സ്ത്രീകള്‍ക്ക് എന്താണ് സംഭവിച്ചത്? തങ്ങളെ പുരുഷന്മാര്‍ അടക്കി ഭരിക്കേണ്ട എന്നും തങ്ങള്‍ക്കു പുരുഷന് തുല്യമായ സ്വാതന്ത്ര്യത്തിനു അര്‍ഹതയുണ്ടെന്നും അവസരസമത്വം തങ്ങളുടെ ജന്മാവകാശം ആണെന്നും ഒക്കെയുള്ള ആക്രോശങ്ങള്‍ നമ്മുടെ അന്തരീക്ഷത്തില്‍ മുഴങ്ങുമ്പോള്‍, എന്താണ്, എവിടെയാണ് പ്രശ്നം?


     ഭാരത പൈതൃകം പരിശോധിച്ചാല്‍ സ്ത്രീക്ക് നമ്മുടെ സംസ്ക്കാരത്തില്‍ വലിയ സ്ഥാനവും പ്രാധാന്യവും ആണ് ഉള്ളത് എന്ന് കാണാം. ഗോത്രവര്‍ഗ്ഗസംസ്ക്കാരകാലത്ത് സ്ത്രീ വലിയ ശക്തിയായിരുന്നു. മനുഷ്യന്‍ വേട്ടയാടി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ കരുത്തുകൊണ്ടും മാനസീകദൃഡത കൊണ്ടും പുരുഷന് കുടുംബത്തിലും സമൂഹത്തിലും നേതൃസ്ഥാനം ഉണ്ടായിരുന്നെങ്കിലും കൃഷി ചെയ്യാന്‍ തുടങ്ങിയ കാലം മുതല്‍ വീണ്ടും സ്ഥിതി മാറുകയാണ് ഉണ്ടായത്. പുരുഷന്‍ പൂര്‍ണ്ണമായും കൃഷിപ്പണിയുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചു നീങ്ങിയപ്പോള്‍ കുടുംബത്തില്‍ തീരുമാനങ്ങള്‍ എടുക്കലും സ്വാഭാവികമായും സമൂഹത്തില്‍ നേതൃസ്ഥാനം അലംകരിക്കലും സ്ത്രീയുടെ ദൌത്യം ആയി. തുടര്‍ന്നങ്ങോട്ട് വികസിച്ചു വന്ന മനുഷ്യസമൂഹം സ്ത്രീയെ അല്‍പ്പം ഉയരത്തില്‍ പ്രതിഷ്ടിച്ചുകൊണ്ടാണ് മുന്നോട്ടു പോയത്. ഭാരതീയ ദൈവസംകല്‍പ്പങ്ങളില്‍ ശക്തിയുടെയും സംരക്ഷണത്തിന്റെയും സംഹാരത്തിന്റെയും ഉഗ്രമൂര്‍ത്തികള്‍ ആയ ദേവീസങ്കല്പങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു.
     ആര്യാധിനിവേശത്തിനു ശേഷം മനുഷ്യനെ ജാതികളും ഉപജാതികളും ആയി തരംതിരിച്ചു , ബ്രാഹ്മണമേധാവിത്വത്തിനു തുടക്കം കുറിച്ച കാലത്ത് പ്രസക്തി ലഭിച്ച 'ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്നാ മനുവാദം ആണ് സ്ത്രീയെ വീണ്ടും അടുക്കളക്കെട്ടുകള്‍ക്ക് അകത്തേക്ക് ഒതുക്കിയത്. പക്ഷെ കാലപ്രവാഹത്തില്‍, അവളെ 'അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്' വീണ്ടും കൊണ്ടുവരാനുള്ള വിപ്ലവകരമായ ചുവടുവെപ്പില്‍ അവളോടൊപ്പം പുരുഷനും ഉണ്ടായിരുന്നു. അതിനു ശേഷം അതിശയകരമായ പുരോഗതിയിലൂടെ അതിവേഗം വികസിച്ചു വന്ന പരിഷ്കൃത സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനം ഒരിക്കലും പുരുഷനോടൊപ്പം ആയിരുന്നില്ല; അല്‍പ്പം മുകളില്‍ ആയിരുന്നു. അവളുടെ ജീവശാസ്ത്രപരമായ എല്ലാ പ്രത്യേകതകളും അംഗീകരിച്ചുകൊണ്ട് തന്നെ, അവള്‍ സംരക്ഷണം അര്‍ഹിക്കുന്നു എന്നുള്ള പരിഗണന സാമൂഹ്യചിന്തയുടെ മുഖ്യധാരയായി. നിത്യജീവിതവും ആയി ബന്ധപ്പെടുന്ന ഓരോ ഘട്ടങ്ങളിലും ഏറ്റവും സുരക്ഷിതത്വവും കരുതലും ഉള്ള ഇടം അവള്‍ക്കു ഒരുക്കിക്കൊടുക്കാന്‍ സമൂഹം സ്വമേധയാ പ്രത്യേകം ശ്രദ്ധിച്ചു. ആള്‍ക്കൂട്ടത്തില്‍ സുരക്ഷിതമായ ഇടം, സംസാരത്തില്‍ മാന്യത, പെരുമാറ്റത്തില്‍ കുലീനത്വം എന്നിങ്ങനെയുള്ളവ അവള്‍ അര്‍ഹിക്കുന്നു എന്ന് സമൂഹം സ്വയമങ്ങു തീരുമാനിച്ചു, അവളുടെ നിര്‍ബന്ധമില്ലാതെ തന്നെ. ഇതാണോ സമൂഹം അവളോട്‌ ചെയ്ത തെറ്റ്?
     കുടുംബജീവിതത്തിലെയും സാമൂഹ്യജീവിതത്തിലെയും പിരിമുറുക്കങ്ങളും സ്ട്രെസ്സും സ്വയം ഏറ്റെടുത്ത്‌ അവളുടെ മനസ്സ് വിഷമിപ്പിക്കാതിരിക്കാന്‍ സ്വയം ശ്രദ്ധിച്ച്‌, സ്നേഹത്തോടും വാത്സല്യത്തോടും കൂടെ അവളുടെ ക്ഷേമം ഉറപ്പു വരുത്തിയ പുരുഷന്‍, സ്ത്രീയെ ഒതുക്കി ഒരിടത്ത് 'ഇരുത്തുക'യായിരുന്നു എന്നാണു നമ്മുടെ അമ്മമാരും പെങ്ങന്മാരും ഭാര്യമാരും പെണ്മക്കളും ഇപ്പോള്‍ ആരോപിക്കുന്നത്! ഇവരുടെ കുറ്റിച്ചൂലും കൊണ്ടുള്ള ആക്രോശങ്ങള്‍ക്ക് മുന്‍പില്‍, തങ്ങള്‍ക്കു പറ്റിയ തെറ്റ് എന്താണെന്നറിയാതെ പുരുഷസമൂഹം പകച്ചു നില്‍ക്കുമ്പോള്‍ ചിന്തകള്‍ അല്‍പ്പം ആഴത്തില്‍ ഓടുന്നത് നല്ലതാണ്.
     പുതിയ ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും അംഗീകാരങ്ങള്‍ക്കും ആയി ഇപ്പോഴും പടിഞ്ഞാറോട്ട് നോക്കിയിരിക്കുന്ന നമ്മുടെ ദുശ്ശീലം തന്നെയാണ് നമുക്ക് വിനയായത്. അവര്‍ പറയുന്നതും ചെയ്യുന്നതും സ്വന്തം വിവേചനബുദ്ധി അല്‍പ്പവും ഉപയോഗിക്കാതെ പകര്‍ത്തുന്ന നമ്മള്‍ തന്നെയാണ് ഈ വിഷയത്തിലും കുറ്റക്കാര്‍.


     മാറ് മറയ്ക്കാതെ നടന്നിരുന്ന നമ്മുടെ സ്ത്രീകള്‍ മാറ് മറയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മാറിടം വെറുതെയങ്ങു മറച്ചാല്‍ പോര എന്നും മാറിടത്തിന് പ്രത്യേകമായ ഒരു അടിവസ്ത്രം വേണമെന്നും പുറമേ ധരിക്കുന്ന വസ്ത്രത്തിനു അനുസരിച്ച് അടിവസ്ത്രത്തിന്റെയും രൂപവും ഭാവവും മാറണമെന്നും പിന്നീട് മാറിടം ഭാഗീകമായി പ്രദര്‍ശിപ്പിക്കുന്നതാണ്  മനോഹരം എന്നും പടിഞ്ഞാറ് ഉള്ളവര്‍ ഉപദേശിച്ചപ്പോള്‍, 'ശരിയാണല്ലോ' എന്ന് തല കുലുക്കി സമ്മതിച്ച നമ്മുടെ സ്ത്രീകള്‍ അറിഞ്ഞില്ല, ഫ്രാന്‍സിലെ ഒരു 'സ്ത്രീ'യുടെ തലയില്‍ ഉദിച്ച ഫാഷന്‍ ആശയം ആയ 'ബ്രാ' എന്നാ അടിവസ്ത്രത്തിന് ആഗോളവ്യാപകമായി വിപണിയുണ്ടാക്കുക എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യമെന്നു. ഈ വിധേയത്വം ആണ് സമത്വ-സ്വാതന്ത്ര്യ വിഷയത്തില്‍ നമ്മുടെ സ്ത്രീകള്‍ക്ക് സംഭവിച്ച മാര്‍ഗ്ഗഭ്രംശത്തിന് കാരണം.
     പുരോഗമനാശയങ്ങള്‍ വേഗത്തില്‍ നടപ്പാക്കാന്‍ സവിശേഷ ശ്രദ്ധയുള്ള പടിഞ്ഞാറ് നിന്നും ആശയങ്ങള്‍ സ്വീകരിക്കുമ്പോള്‍ ആ ചിന്തകളുടെ ആഴത്തിലുള്ള അടിസ്ഥാനവും  സാഹചര്യങ്ങളുടെ പ്രത്യേകതകളും പൂര്‍ണ്ണമായി മനസ്സിലാക്കാതെ 'ഈച്ചക്കോപ്പി' ചെയ്താല്‍ ഉണ്ടാകാവുന്ന ഒരു സ്വാഭാവിക പ്രശ്നം ആണ് ഇത്. യൂറോപ്പില്‍ വളരെ മുന്‍പേ അംഗീകാരം ലഭിച്ച സ്ത്രീ-പുരുഷ സമത്വം എന്ന ആശയം വളരെ പക്വമാണ്- അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍. പുരുഷന് തുല്യമായ കഴിവുകള്‍ പ്രകടിപ്പിക്കുന്ന മേഖലകളില്‍ സ്ത്രീകള്‍ക്ക് പുരുഷന് തുല്യം അംഗീകാരം ലഭിക്കണം എന്നാണു അവിടെ ഉത്ഘോഷിക്കപ്പെട്ടത്‌. യഥാര്‍തത്തില്‍ വളരെ നല്ലതും ശക്തവും ആയ നിലപാട്തറയുള്ള ഫെമിനിസം ഇന്ത്യയില്‍ എത്തിയപ്പോള്‍ പക്ഷെ, കഥ മാറി- പ്രത്യേകിച്ചും കേരളം പോലുള്ള സംസ്ഥാനങ്ങളില്‍. ഇവിടെ എല്ലാ മേഖലകളിലും പുരുഷനോടൊപ്പം സ്ത്രീകളും ശക്തമായി രംഗത്തുണ്ട്. അര്‍ഹതയുള്ളവര്‍, പുഷനായാലും സ്ത്രീ ആയാലും അംഗീകരിക്കപ്പെടുക എന്നതാണ് ഇവിടത്തെ രീതി- ജോലികളില്‍ ആയാലും പ്രതിഭകളില്‍ ആയാലും.


     വന്‍ വിജയങ്ങള്‍ കൈവരിച്ച, അംഗീകാരങ്ങള്‍ നേടിയ എത്രയോ സ്ത്രീ രത്നങ്ങളെ നമുക്ക് കാണാം. പക്ഷെ നമ്മുടെ ഫെമിനിസ്റ്റുകള്‍ പറയുന്നത് എന്താണ്? നിലവില്‍ സമൂഹം തങ്ങള്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങളും അംഗീകാരവും പരിഗണനയും തങ്ങളുടെ അവകാശമാണെന്നും സ്ത്രീകള്‍ ആയതുകൊണ്ട് തങ്ങള്‍ക്കു ഇനിയും കൂടുതല്‍ ആനുകൂല്യങ്ങളും പരിഗണനകളും വേണമെന്നും വിയര്‍പ്പൊഴുക്കാതെ തങ്ങള്‍ക്കു അധികാരസ്ഥാനങ്ങളില്‍ എത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കിത്തരണം എന്നും ആണ് അവരുടെ 'ആവശ്യങ്ങള്‍'!!! വിവിധ വിഷയങ്ങളിലെ ഫെമിനിസ്റ്റുകളുടെ നിലപാടുകളും യഥാര്‍തത്തില്‍ സംഭവിക്കുന്നതും നിഷ്പക്ഷമായി നിരീക്ഷിക്കുന്ന ഒരാള്‍ക്ക്‌, ഇതെല്ലാം വെറും ജല്‍പ്പനങ്ങള്‍ ആണെന്ന് മനസ്സിലാക്കാന്‍ ഒരു വിഷമവും ഉണ്ടാവില്ല.
     പുരുഷന്‍ ഇന്ന് കാണുന്ന സ്ഥാനങ്ങളിലും അധികാരകേന്ദ്രങ്ങളിലും എത്തിയത് സ്ത്രീകളോടും മറ്റു പുരുഷന്മാരോടും ശക്തമായ മത്സരം നടത്തിയിട്ടാണ്. അവനു ഒരിടത്തും സംവരണത്തിന്റെ ആനുകൂല്യം ഇല്ലായിരുന്നു. ബുദ്ധി കൊണ്ടാണ് അവന്‍ കയറി വന്നത്. 


     ബുദ്ധിയും അറിവും കഴിവും ഉള്ള സ്ത്രീകള്‍ എല്ലാ കാലത്തും പുരുഷനോടൊപ്പം മത്സരിച്ചു ഉന്നത സ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട്. അവര്‍ ആരോടും പരാതി പറഞ്ഞു സമയം കളഞ്ഞിട്ടില്ല. എന്നാല്‍ ഇന്ന് സ്ത്രീകള്‍ എല്ലാ രംഗത്തും സംവരണം ചോദിച്ചു വാങ്ങുന്നു. തന്മൂലം മത്സരം ഒഴിവാകുന്നു. അങ്ങനെ യഥാര്‍ത്ഥ കഴിവുകള്‍ ഇല്ലെങ്കിലും അധികാരങ്ങളില്‍ എത്താന്‍ എളുപ്പവഴി രൂപപ്പെടുന്നു. പുരുഷന് മത്സരിക്കാന്‍ പോലും ഉള്ള അവസരം നഷ്ടപ്പെടുന്നു. ഇങ്ങനെ അര്‍ഹതയില്ലാതെ അധികാരസ്ഥാനങ്ങളില്‍ എത്തുന്ന സ്ത്രീകള്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പരാജയപ്പെടുകയും അവിടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്യുന്നു എന്നതിന് എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്!!! ഇങ്ങനെ വളഞ്ഞ വഴിക്ക് അധികാരസ്ഥാനങ്ങളില്‍ എത്തുന്ന സ്ത്രീകള്‍ പൊതുവേ പുരുഷന്മാരുടെ ഉപദേശക സമിതിയെ തയാറാക്കുകയാണ് പലപ്പോഴും ആദ്യം ചെയ്യുന്നത്. ആശയങ്ങള്‍ കണ്ണും പൂട്ടി പടിഞ്ഞാറ് നിന്നും പകര്‍ത്തുന്ന നമ്മുടെ സ്ത്രീകള്‍ പക്ഷെ ചലനസ്വാതന്ത്ര്യത്തെ ഏറ്റവും അധികം സഹായിക്കുന്ന അവിടത്തെ വസ്ത്രധാരനരീതിയെ പകര്‍ത്താന്‍ മടിച്ചു. എല്ലാ രംഗങ്ങളിലും സമാനമാണ് അവസ്ഥ.
     കഴിവുള്ള സ്ത്രീകള്‍ക്ക് ഉയര്‍ന്നു വരാന്‍ ഇവിടെ തടസ്സങ്ങള്‍ ഒന്നും ഇല്ലെന്നിരിക്കെ, ഇവരുടെ മുറവിളിക്ക് എന്താണ് കാരണം എന്ന് ചിന്തിക്കുമ്പോള്‍ ആണ് ഈ നാരീരത്നങ്ങളുടെ ഗൂഡലക്‌ഷ്യം മനസ്സിലാവുക. യഥാര്‍ത്ഥ കഴിവുകള്‍ ഇല്ലാത്ത നാരീമണികള്‍, വിയര്‍പ്പൊഴുക്കാതെ അധികാരസ്ഥാനങ്ങളില്‍ എത്താനുള്ള മാര്‍ഗ്ഗം തുറന്നു കിട്ടാന്‍ വേണ്ടിയാണ് ഈ ആക്രോശങ്ങള്‍ മുഴക്കുന്നത്. ഇവര്‍ സത്യത്തില്‍ ആവശ്യപ്പെടുന്നത് എന്താണ്? സമത്വമോ? അതോ സംവരണമോ? സമത്വം ആണെങ്കില്‍ സ്ത്രീ എന്ന നിലക്കുള്ള സംവരണങ്ങള്‍ ഇവര്‍ വേണ്ടെന്നു പറയണം. കാരണം പുരുഷന് ഇവിടെ സംവരണങ്ങള്‍ ഇല്ലല്ലോ? മറിച്ച്‌, സംവരണവും സുരക്ഷിതത്വവും ആണ് ഇവര്‍ ആഗ്രഹിക്കുന്നതെങ്കില്‍ സമത്വവാദം ഉപേക്ഷിക്കണം. അതല്ലേ നീതി? സാധാരണക്കാരുടെ നിത്യജീവിതവുമായി ഏറ്റവും ബന്ധമുള്ള ബസ്സ്‌ യാത്രയുടെ കാര്യം തന്നെ നോക്കിക്കൊള്ളൂ. കെ.എസ്.ആര്‍.ടി.സി യിലും സ്വകാര്യ ബസ്സുകളിലും ഏറ്റവും സുരക്ഷിതവും സുഖകരവും ആയ സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. പുരുഷന് സംവരണ സീറ്റ് ഇല്ല. ഫലത്തില്‍ സ്ത്രീകള്‍ക്ക് എവിടെയും ഇരിക്കാം; പുരുഷന്മാര്‍ക്ക് അവരുടെ ഔദാര്യത്തില്‍ സീറ്റ് കിട്ടിയാല്‍ കിട്ടി!!! പക്ഷെ കുഞ്ഞുങ്ങളെയും കൊണ്ട് ബസ്സില്‍ കയറുന്ന സ്ത്രീകള്‍ക്കും വൃദ്ധര്‍ക്കും വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നത് അധികവും പുരുഷന്മാര്‍ ആയിരിക്കും (സ്ത്രീകളുടെ പരസ്നേഹം അപാരം!). ഇത്തരം കൊച്ചു കാര്യങ്ങളില്‍ മുതല്‍ വലിയ അധികാരസ്ഥാനങ്ങളില്‍ വരെ സ്ഥിതി ഇതാവുമ്പോള്‍ യഥാര്‍തത്തില്‍ പുരുഷജീവിതം ഇവിടെ അരക്ഷിതം ആവുകയല്ലേ?
     സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് എതിരെ കുറ്റിച്ചൂലും പല്ലും നഘവും ആയി മുന്നേറുമ്പോള്‍ അവര്‍ക്ക് പിന്തുണയും ആയി ചില പുരുഷന്മാരും രംഗത്ത് ഉണ്ട് എന്നതാണ് രസകരം.ഇവിടെ സ്ത്രീപീദനങ്ങള്‍ എന്ന പേരില്‍ നടക്കുന്നതിന്റെ പകുതിയും സത്യത്തില്‍ പുരുഷപീടനങ്ങള്‍ ആണ്. യഥാര്‍ത്ഥ സ്ത്രീപീടനക്കെസുകളില്‍ ഇരയെ കുടുക്കുന്ന പ്രധാന കണ്ണി എപ്പൊഴും ഒരു സ്ത്രീ തന്നെയാണ്. എന്നാലും പീഡനം എപ്പൊഴും പുരുഷന്റെ തലയില്‍ ആണ് ചാരുന്നത്‌! വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ മറവില്‍ സ്ത്രീപീടനബില്ലുകള്‍ ഒന്നൊന്നായി പസ്സാക്കിയെടുക്കുമ്പോള്‍ പാവം പുരുഷന്റെ കാര്യം ഓര്‍ക്കാന്‍ ഒരു പുരുഷന്‍ പോലും ഇല്ല. സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കല്‍ 'ഗാര്‍ഹികപീടന നിയമം' വരെ എത്തിനില്‍ക്കുമ്പോള്‍ എങ്ങോട്ടാണ് ഈ രാജ്യത്തിന്റെ പോക്ക്? പുരുഷന്മാര്‍ക്ക് സുരക്ഷിതത്വം ഇല്ലാത്ത രാജ്യമായി ഇന്ത്യ മാറുമ്പോള്‍ നമ്മുടെ ഭരണഘടന അനുശാസിക്കുന്ന ലിംഗവിവേചനരഹിതഭാരതം എന്ന ആശയം ഇന്ന് എവിടെ? പുരുഷന്മാര്‍ ഈ രാജ്യത്തെ പൌരന്മാര്‍ അല്ലെന്നുണ്ടോ?
-ഡെന്നി ചിമ്മന്‍ 

Thursday, December 29, 2011

APPOZHUM NEE THANICHAAYIRUNNU...

ഒരു പൂവിടര്‍ന്നപ്പോഴും കൊഴിഞ്ഞപ്പോഴും
ബാല്യ കൌമാര യവ്വനങ്ങള്‍ പടി കടന്നപ്പോഴും 
വ്രണിത ഹൃദയത്തില്‍ നിന്നും ചോര വാര്‍ന്നപ്പോഴും
സന്ധ്യകളെയിരുള്‍ കാര്‍ന്നു തിന്നപ്പോഴും
നീ തനിച്ചായിരുന്നു!
കാലം സൌഭാഗ്യമെല്ലാം തിരിച്ചെടുത്തപ്പോഴും
ഒരു ചെറു ഭാണ്ഡവും ഒക്കത്ത് പേറിയോരു
വഴിയമ്പലം തേടി നടന്നപ്പോഴും
അന്നും നീ തനിച്ചായിരുന്നു!!
ഒരു മഹാസാഗര വെണ്‍തിര നിന്നെ-
ത്തിരഞ്ഞു പതഞ്ഞൊഴുകുന്ന വേളയില്‍
കണ്ണുകള്‍ പൂട്ടി; കയ്കളും നീട്ടി
തിരയെപ്പുണര്‍ന്നു പിന്‍വാങ്ങിയൊടുങ്ങുമ്പോഴും
എന്നും നീ തനിച്ചായിരുന്നു!!!
ആയിരം ബലിക്കാക്കകള്‍ക്കന്നമായെത്തിയോ-
രായിരം കൂപ്പുകൈ, നിറകണ്‍കള്‍ സാക്ഷിയായ്
പശിയടങ്ങാതാത്മാക്കളെന്നും പകുത്തപ്പോഴും
നിനക്ക് ബാലിയൂട്ടും കൈകളെത്തിരയാതെ
ഇപ്പോഴും നീ തനിച്ചായിരുന്നു!!!!


-നര്‍ഗ്ഗീസ് . എസ്, പത്തനാപുരം .

YAATHRA

ഇനി നമ്മള്‍ മാത്രമീ-
മുള്‍ക്കാട് താണ്ടുവാന്‍
ഇനി നമ്മള്‍ മാത്രമീ-
യിരുള്‍ക്കാട്ടിലലയുവാന്‍.
ഇവിടെയീ ബോധി-
വൃക്ഷച്ചുവട്ടിലൊതുക്കുക
ചിതലിച്ച ചിന്ത തന്‍
ഉള്‍പ്പൂവ് കാക്കുക
ഉറവറ്റ കണ്ണിലൂ-
ടൊഴുകും നിണങ്ങളാല്‍
നനക്കുക, ചതിവേറ്റ
സ്മരണക്കു, സ്മൃതി-
തീര്‍ത്ഥം  ഉതിര്‍ക്കുക.
പൊരുള്‍ തേടി, പുഴ തീണ്ടി
വിളയിച്ച പെരുമക്ക്
തണല്‍ തേടി നമ്മളീ
കാനനം താണ്ടുക.
കനിവറ്റ കാട്ടു-
തീയില്‍ പടര്‍ത്തുക.
ഏകാന്ത കദനത്തിന്‍
കയ്പ്പുനീരുപ്പിനെ
നമ്മളീ കാനന-
രഥ്യയിലേകരാ-
ണതിനാല്‍ പരസ്പര-
മാശ്വസിച്ചകറ്റാം വിശപ്പിനെ
ദാഹ നീരുണ്ണാതെ
തുടരാം നമുക്ക്
സ്വര്‍ഗ്ഗവാതിലോളമീ
സ്വപ്നാടനം.
പെരുവഴികളേറുന്നു
തളരുന്നു പിന്നെയും
നിഴല്‍ വീണ സന്ധ്യയി-
ലെരിയുന്നു നോവുകള്‍.
വന്നടുക്കുമീ തമ-
സ്സാഗ്നിയില്‍ വേവാതെ
കാക്കുക നമ്മള്‍ തന്‍
പ്രണയാഗ്നി നാളങ്ങള്‍.
പ്രജ്ഞ തന്‍ സ്വപ്ന-
തുരുത്തിലൂടൊഴുക്കുക
വെയിലേറ്റു വാടിയ
പൊരുളിന്‍ കുഴമ്പിനെ.
ഇനിയീയിരുളാണ്ട രാവില്‍
നാമനല്പ്പരായിറക്കുക
നമ്മള്‍ തന്‍ ഭാരിച്ച
ജീവിത ഭാണ്ഡങ്ങള്‍
പറയുവാനുണ്ടേറെ-
യെങ്കിലുമമര്‍ത്തുക
വ്യഥ തന്‍ തുരുമ്പിച്ച
ഭാരങ്ങളൊതുക്കുക.
വഴി തെറ്റിയലയാതെ
കാക്കാം നമുക്ക്
ഇരുളകന്നുര്‍വ്വിയില്‍
വെളിച്ചം തൂവും വരെ
അതുവരേക്കുമീ
വൃക്ഷച്ചുവട്ടിലെരിച്ചിടാം.
കദനത്തിന്‍ കരിമ്പട-
മതിലേക്കെറിഞ്ഞിടാം.
പിന്നെയീയിരുളിന്‍
തുരുത്തിലൂടിഴച്ചിടാം
ചിറകറ്റ, ചിതലിച്ച
ചിന്ത തന്‍ ഭാണ്ഡങ്ങള്‍
          *          *          *
പൊന്‍പുലരി തന്‍ 
നാമ്പുകള്‍ വിരിയുന്നു
രാക്കിളിപ്പാട്ടിനെ
മായ്ക്കുന്നു പുള്ളുകള്‍.
ഉണരുവാനെന്തിത്
വൈകുന്നു മല്‍സഖീ
ഞെട്ടറ്റ മലര്‍ പോലെ
നിപതിച്ചതെന്തു നീ?
ഈ മുള്‍ക്കാട്ടിലെന്നെ-
യൊറ്റക്കെറിഞ്ഞിട്ടു
ഒരു വാക്ക് മിണ്ടാതെ
പോയതെന്തേ സഖേ?
എങ്കിലും നീയെന്റെ
തോളിലൊതുങ്ങുക
ഈ മുള്‍ക്കാട് താണ്ടുവാന്‍
നാമേറ്റതല്ലയോ?
ഇനിയേറെയലയേണ്ട-
തുണ്ടിനി നമ്മള്‍ തന്‍
ജന്മസാഫല്യ-
തുരുത്തിലെത്തീടുവാന്‍
ഉള്ളിലാളുന്ന വിരഹ-
താപാഗ്നിയെന്‍
അന്തരാളങ്ങളെ
പൊള്ളിയടര്‍ത്തുന്നു
ഉഴറുന്ന പാദങ്ങ-
ളിടറുവാന്‍ വെമ്പുന്നു
ഭാരമേറുന്നു മമ
തോളിലും ഭീമമായ്
പെരുവഴികളേറുന്നു
തളരുന്നു പിന്നെയും
പൊരുളിന്റെ വഴിയാകെ
മറയാതെ മറയുന്നു
പെരുകുന്നു വീണ്ടു-
മുള്ളിലാശങ്കകള്‍
ഈ യാത്രയൊടുങ്ങുമോ
ജന്മ സാഫല്യത്തില്‍.....???
          *          *          *


-അളകനന്ദ , അടൂര്‍.

Friday, October 14, 2011

PALASTHEEN- AMERICA- INDIA


     അമേരിക്കയുടെ നേതൃത്വത്തിലുള്ള തട്ടിപ്പ് സംവിധാനത്തില്‍ നിന്നും പലസ്തീന്‍ പ്രശ്നം വിശാല അന്താരാഷ്‌ട്ര വേദിയില്‍ (യു.എന്‍ പൊതുസമ്മേളനത്തില്‍) എത്തിച്ചിരിക്കുകയാണ് ഇതുവരെ അമേരിക്കയുടെ വിനീതവിധേയന്‍ എന്നും ബലഹീനനായ നേതാവ് എന്നുമുള്ള ആരോപണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരുന്ന പലസ്തീന്‍ നേതാവ് മഹ്മൂദ് അബ്ബാസ്. പലസ്തീന് രാഷ്ട്രപദവി നല്‍കണമെന്നുള്ള അപേക്ഷക്ക് പലസ്തീന്‍ ജനതയുടെ ഏതാണ്ട് പൂര്‍ണ്ണമായ പിന്തുണയുണ്ട്. ഇസ്രായേലുമായി നേരിട്ടുള്ള കൂടിയാലോചനകളില്‍ക്കൂടി മാത്രമേ പലസ്തീന് രാഷ്ട്രമെന്ന അംഗീകാരം ലഭിക്കൂ എന്ന അമേരിക്കന്‍ നിലപാടിനെ അബ്ബാസ് പരസ്യമായി തിരസ്ക്കരിച്ചു.
     അമേരിക്കക്ക് ഈ വിഷയം പക്വതയോടെ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ആവശ്യമായ ഒത്തുതീര്‍പ്പുകള്‍ക്ക് ഇസ്രായേലിന്റെ മേല്‍ സമ്മര്‍ദം ചെലുത്താനുള്ള ശേഷി അമേരിക്കക്ക് ഇതുവരെ ഉണ്ടായിട്ടില്ല. വിശ്വസിക്കാവുന്ന ഒരു ഇടനിലക്കാരനാണ് അമേരിക്ക എന്ന് ഭൂരിപക്ഷം പലസ്തീന്കാരും വിശ്വസിക്കുന്നില്ല എന്നതിന്റെ തെളിവാണ് പലസ്തീന്‍കാര്‍ നേരിട്ട് യു.എന്നിനെ സമീപിച്ചത്. ഒരു വര്‍ഷം മുന്‍പ് വെസ്റ്റ്ബാങ്കിനുള്ളില്‍ ജൂതകുടിയേറ്റം ശക്തിയായതോടെ അവസാനമായി തകര്‍ന്ന സമാധാനശ്രമങ്ങളില്‍ പലസ്തീന്‍കാര്‍ക്കുള്ള അവസാന ആശയും നഷ്ടപ്പെട്ടു കഴിഞ്ഞു. "അമേരിക്കന്‍ ഇടനില ഇനി ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. അന്താരാഷ്‌ട്ര സമൂഹത്തോട് ഞങ്ങള്‍ നീതിക്കായി അപേക്ഷിക്കുന്നു"-അബ്ബാസ് നയം വ്യക്തമാക്കി. പലസ്തീന് അംഗീകാരം നല്‍കുകയെന്നത് യു.എന്നിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ സാഹചര്യത്തില്‍ എന്തുകൊണ്ടും ഒരു ദേശത്തെ അംഗീകരിക്കുക എന്ന മാന്യമായ കടമ മാത്രമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി രാഷ്ട്രസ്ഥാപനങ്ങള്‍ സൃഷ്ടിക്കാനും സുരക്ഷാസേനകള്‍ ഉണ്ടാക്കാനും കഴിഞ്ഞ പലസ്തീന്‍ അതോറിറ്റിക്ക് ചൂണ്ടിക്കാണിക്കാന്‍ പലസ്തീന്‍ എന്ന രാഷ്ട്രത്തിന് വേണ്ട പല വ്യവസ്ഥാപാലനങ്ങളും ഉണ്ട്. ഗ്രീന്‍ലൈനിനുള്ളില്‍ നിര്‍വചിക്കാവുന്ന ഒരു പ്രദേശവും പലസ്തീന്‍ അതോറിറ്റി എന്ന രൂപത്തില്‍ ഒരു സര്‍ക്കാരും ഉണ്ട്.


     അബ്ബാസിന്റെ ഈ നീക്കത്തിനോട് ഒബാമ പ്രതികരിച്ചത് യു.എന്നിന്റെ ചാര്‍ട്ടര്‍ പ്രഖ്യാപിക്കുന്ന ലക്ഷ്യങ്ങളെ നിഷേധിച്ചുകൊണ്ടാണ്. പ്രമേയങ്ങളും പ്രഖ്യാപനങ്ങളും വഴി സമാധാനം ഉണ്ടാക്കുകയും ഉറപ്പാക്കുകയും ആണ് യു.എന്നിന്റെ കര്‍ത്തവ്യം. പലപ്പോഴും യു.എന്നിന്റെ പ്രമേയങ്ങളെ സമാധാനത്തിനു വേണ്ടി എന്ന വ്യാജേന ദുരുപയോഗം ചെയ്ത ഒരു രാഷ്ട്രത്തിന്റെ തലവനാണ് ഒബാമ. ഇറാക്കിലും ലിബിയയിലും സംഭവിച്ച കാര്യങ്ങള്‍ക്ക് ഉപയോഗിച്ചത് യു.എന്‍ പ്രമേയങ്ങളുടെ തണലാണ്‌. വേട്ടക്കാരനെ തുടര്‍ച്ചയായ കള്ളപ്രചാരണത്തിലൂടെ ഇരയാക്കി മാറ്റുക എന്ന കുടിലതന്ത്രം തുടര്‍ച്ചയായി പയറ്റുന്ന അമേരിക്കയുടെ മുഖം മൂടിയുടെ നിര്‍മ്മാതാക്കള്‍ ഇസ്രായേല്‍ ആണെന്ന് ഇതോടെ പരസ്യമായി. അറബ് വസന്തത്തിനു പ്രശംസ നല്‍കിയ ഒബാമ അറബ് ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷയായ പലസ്തീന്റെ രാഷ്ട്ര പടവിയോട്‌ ധിക്കാരത്തോടെയുള്ള നിഷേധമാണ് പ്രകടിപ്പിച്ചത്.
     നിലനില്‍ക്കുന്ന ഇടത്തില്‍ ഇസ്രായേല്‍ ഒറ്റപ്പെട്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇസ്രായേലിനു തന്നെയാണ്. ഇസ്രായേലുമായി സുഹൃത്ബന്ധം പുലര്‍ത്തിയിരുന്ന ഈജിപ്തും തുര്‍ക്കിയും ജോര്‍ദാനും ഇസ്രായേലുമായി പരസ്യമായി ഇടഞ്ഞു കഴിഞ്ഞു. സ്വീകാര്യമായ ഒരു നല്ല അയല്‍ക്കാരനാകാന്‍ ആരുമായും ഇസ്രായേലിനു കഴിയാത്തത് എന്തുകൊണ്ട്? അമേരിക്കയില്‍ ഏറ്റവും കരുത്തുള്ള ഒരു രാഷ്ട്രീയ ശക്തിയായ അമേരിക്കന്‍-ഇസ്രായേല്‍ ലോബിക്ക് ഒരു അമേരിക്കന്‍ പ്രസിടണ്ട് തിരഞ്ഞെടുപ്പിന്റെ കാലത്ത് അമേരിക്കയുടെ നയങ്ങളെ ഇതു ചതിക്കുഴികളിലൂടെയും നയിക്കാന്‍ കഴിയും എന്ന് തെളിയിക്കുന്ന, യു.എന്നിലെ ഒബാമയുടെ പ്രസംഗം ഒരു പുതിയ സത്യത്തിനുള്ള അംഗീകാരമായി- പശ്ചിമേഷ്യയിലെ സമാധാന നിര്‍മ്മിതിയുടെ ശില്പിയായി അമേരിക്ക ദശകങ്ങളോളം കൊണ്ടുനടന്ന മേധാവിത്വം ഇനി മറ്റുള്ളവരുമായി പങ്കുവക്കേണ്ടി വരുകയോ മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കേണ്ടിവരുകയോ ചെയ്യും എന്ന വലിയ സത്യം.


     ഇതിന്റെ ലക്ഷണമാണ് ഒബാമക്ക് തൊട്ടുപുറകെ പ്രസംഗിച്ച ഫ്രഞ്ച് പ്രസിടണ്ട് നിക്കോളാസ് സര്‍ക്കോസിയുടെ തീ തുപ്പുന്ന വാക്കുകള്‍. ഒബാമയുടെ നിലപാട് സ്വീകാര്യമല്ലെന്ന് തുറന്നടിച്ച സര്‍ക്കോസി, സമയബന്ധിതമായ ഒരു കരാറിന്റെ കൃത്യമായ നടപ്പാകല്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചു. പലസ്തീന്റെ അപേക്ഷയില്‍ അമേരിക്ക വീറ്റോ പ്രയോഗിച്ചാല്‍ പശ്ചിമേഷ്യയില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്‍കുകയും സമാധാന പ്രക്രിയക്ക് നേതൃത്വം നല്‍കാനുള്ള ഒബാമയുടെ കഴിവില്‍ അവിശ്വാസം രേഘപ്പെടുത്തുകയും ചെയ്ത സര്‍ക്കൊസിയായിരുന്നു ലിബിയയിലെ നാറ്റോ സഖ്യത്തിന്റെ വിജയത്തിന്റെ മുഖ്യ ശില്പി എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അമേരിക്കക്കും ചെയ്യാന്‍ പറ്റാത്ത പല കാര്യങ്ങളും ചെയ്യാന്‍ കഴിയും എന്ന സൂചിപ്പിക്കലായിരുന്നു അദ്ധേഹത്തിന്റെ വാക്കുകളുടെ പൊരുള്‍ എന്ന് വ്യക്തമാണ്.
     പലസ്തീനി ജനതയുടെ അവകാശങ്ങളോട് യോജിപ്പ് പ്രകടിപ്പിച്ചു ഒരു അന്താരാഷ്‌ട്ര മുന്നേറ്റം കെട്ടിപ്പടുക്കുകയെന്നാല്‍ ചരിത്രകാലങ്ങളായി തങ്ങള്‍ ജീവിച്ചുകൊണ്ടിരുന്ന ഭൂമി നഷ്ടപ്പെടുകയും ഒരു നൂറ്റാണ്ടായി ക്രൂരതകള്‍ക്ക് വിധേയരാവുകയും ചെയ്ത ഒരു ജനതയെ അനുകൂലിക്കുക മാത്രമല്ല, മറിച്ചു ലോകത്തെ സാമ്രാജ്യത്വ പദ്ധതിയുടെ സങ്കീര്‍ണ്ണവും അവിഭാജ്യവുമായ ഘടകമായ, സാമ്രാജ്യമോഹങ്ങള്‍ ഉള്ള ഒരു മേഖലാ-വന്ശക്തിക്കേതിരായ മുന്നേറ്റം ഉണ്ടാക്കുക എന്നതുകൂടിയാണ്. ഇന്ത്യയിലെ ദേശീയപ്രസ്ഥാനവും സമൂഹത്തിലെ എല്ലാ പുരോഗമനശക്തികളും ചരിത്രപരമായി പലസ്തീനിലെ സയണിസ്റ്റ് പദ്ധതിക്കും ഐക്യരാഷ്ട്രസഭയുടെ വിഭജന പദ്ധതിക്കും എതിരായിരുന്നു. ഇസ്രായേലിന്റെ രാഷ്ട്രപദവി പോലും അന്‍പതുകളില്‍ നമ്മള്‍ അംഗീകരിച്ചത് വലിയ വിഷമത്തോടെയായിരുന്നു. 1988-ല്‍ പി.എല്‍.ഓ-ക്ക് ഒരു നയതന്ത്ര കാര്യാലയം തുറക്കാന്‍ അനുവാദം നല്‍കിയ ആദ്യ അറബ് ഇതര രാഷ്ട്രം ഇന്ത്യയായിരുന്നു. ഇസ്രായേലുമായി ആദ്യമായി പൂര്‍ണ്ണ നയതന്ത്രബന്ധം തുടങ്ങിയ 1992-ലാണ് ഇതിനു മാറ്റം വരാന്‍ തുടങ്ങിയത്.
     ഈ കാലത്തായിരുന്നു ഇന്ത്യയുടെ ആഭ്യന്തരനയം നവ ഉദാരതയിലേക്ക് ചായുന്നതും ബി.ജെ.പി ശക്തമാവുന്നതും. ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്ത് "ഇന്ത്യയുടെ വിദേശനയം ഇതുവരെ മുസ്ലീം വോട്ടുബാങ്കിന്റെ തടവിലായിരുന്നു" എന്ന് ക്ഷമാപണപൂര്‍വം അന്നത്തെ വിദേശകാര്യമന്ത്രി ജറുസലേമില്‍ പ്രസ്താവിക്കുന്നിടം വരെ കാര്യങ്ങള്‍ എത്തി. ഇതോടെ ഇന്ത്യ തള്ളിക്കളഞ്ഞത് ഇസ്രായേല്‍ ഒരു കുടിയേറ്റ രാഷ്ട്രവും അധിനിവേശ ശക്തിയും ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഗാന്ധിജിയുടെയും നെഹ്രുവിന്റെയും നേതൃത്വത്തില്‍ രൂപപ്പെടുത്തിയ ഇന്ത്യന്‍ വിദേശനയത്തിന്റെ സവിശേഷതകള്‍ ആണ്.


     അതുകൊണ്ട് പാലസ്തീനിന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയും ഇസ്രായേലിനു എതിരായും ഉള്ള മുന്നേറ്റം എന്നത് നമ്മുടെ രാജ്യത്തെ വലതുപക്ഷ, സമഗ്രാധിപത്യ പാതയിലേക്കുള്ള വ്യതിയാനത്തിന് എതിരായ ചെറുത്തു നില്‍പ്പുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു!!!


-ഗബ്രിയേല്‍ യേരുശലാമി

Wednesday, October 5, 2011

IROM SHARMILA CHAANU- MANIPPOORINTE DHUKKAM



     നിരാഹാരോത്സവവും നിരാഹാരസമരവും തമ്മിലെ അന്തരമുണ്ട് അണ്ണാ ഹസാരെയുടെ സമരവും ഇറോം ഷര്‍മിള ചാനുവിന്റെ സമരവും തമ്മില്‍. അറിയില്ലേ, ഇറോം ശര്‍മിളയെ? മണിപ്പൂരില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരങ്ങള്‍ എടുത്തുകളയാന്‍ ആവശ്യപ്പെട്ട്  11 വര്‍ഷമായി തുടര്‍ച്ചയായി നിരാഹാരം അനുഷ്ടിക്കുന്ന യുവതി. പ്രകടനപരതയും രാഷ്ട്രീയബന്ധങ്ങളും മാധ്യമപിന്തുണയും നേടാനുള്ള വഴികള്‍ ഒന്നും കയ്യില്‍ ഇല്ലെങ്കില്‍ എന്താവും നിങ്ങളുടെ സ്ഥിതി എന്ന് അറിയാന്‍ മണിപ്പൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു ഹോസ്പിറ്റലിലേക്ക് പോയാല്‍ മതി.
     പെട്ടെന്ന് ഒരു ദിവസം പൊട്ടിമുളച്ചു ഇന്ത്യയുടെ തന്നെ പ്രതീകമായി മാറിയ ഹസാരെയെപ്പോലെയല്ല ഇറോം ഷര്‍മിള. ഇന്ത്യന്‍ പീനല്‍ കോഡ് വകുപ്പ് 309 അനുസരിച്ച് ആത്മഹത്യക്ക് ശ്രമിച്ചു എന്ന് ആരോപിച്ച് അവരെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുകയും നിര്‍ബന്ധിച്ച് മൂക്കിലൂടെ പ്രോട്ടീന്‍ ദ്രാവകങ്ങള്‍ കൊടുത്ത് അവരുടെ ജീവന്‍ നിലനിറുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. 2000 നവംബര്‍ 2 നു ഇമ്ഫാലിന് സമീപം മാലോമില്‍ ബസ്സ്‌ കാത്തു നിന്ന പത്ത് ആളുകളെ പട്ടാളക്കാര്‍ വെടിവച്ചു കൊന്നത് വിപ്ലവകാരികള്‍ പട്ടാള ക്യാമ്പ് ആക്രമിച്ചു എന്ന ന്യായം പറഞ്ഞാണ്. ബസ്സ്‌ സ്റ്റോപ്പില്‍ വധിക്കപ്പെട്ടവരില്‍ ഒരു വൃദ്ധയും ധീരതക്കുള്ള ഒരു ദേശീയ അവാര്‍ഡ് ജേതാവും ഉണ്ടായിരുന്നു. ഇത്തരമൊരു വെടിവെപ്പ് നടത്താന്‍ സൈന്യത്തിന് അധികാരം നല്‍കുന്ന പ്രത്യേക സൈനീകാവകാശ നിയമം പിന്‍വലിക്കണമെന്ന്  ആവശ്യപ്പെട്ടു ശര്‍മ്മിള സമരം തുടങ്ങി. ഈ നിയമപ്രകാരം സൈന്യത്തിന് ആരെ വേണമെങ്കിലും സംശയത്തിന്റെ ന്യായം പറഞ്ഞു അറ്റസ്റ്റ് ചെയ്യുകയോ വധിക്കുകയോ ചെയ്യാം. ആദ്യം മണിപ്പൂരിലും പിന്നീട് മറ്റു വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും നിലവില്‍ വന്ന ഈ കിരാതനിയമപ്രകാരം ഈ നിയമം ദുരുപയോഗം ചെയ്യുന്ന സൈനീകരെപ്പോലും കേന്ദ്ര സര്‍ക്കാരിന്റെ മുന്‍‌കൂര്‍ അനുമതിയില്ലാതെ നിയമനടപടികള്‍ക്കു മുന്നില്‍ എത്തിക്കാനാവില്ല. നിരവധി പീഡനങ്ങളും കുറ്റകൃത്യങ്ങളും ഈ നിയമത്തിന്റെ മറവില്‍ അവിടെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശ വിരുദ്ധമായ ഈ നിയമത്തിനെതിരെ അന്താരാഷ്‌ട്ര സമൂഹത്തിന്റെ പ്രധിനിധികളും ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയും ഇടപെട്ടിട്ടും നിയമപരിഷ്ക്കാരത്തിനോ മാറ്റത്തിനോ സര്‍ക്കാര്‍ നടപടിയൊന്നും എടുത്തിട്ടില്ല.

     ശര്‍മ്മിള നിരാഹാരം തുടങ്ങിയിട്ട് നവംബര്‍ 4-നു 11 വര്‍ഷം തികയുന്നു. പത്രപ്രവര്‍ത്തകയും കവയിത്രിയുമായ ശര്‍മ്മിള നിരാഹാരം തുടങ്ങുമ്പോള്‍ അവര്‍ക്ക് 28 വയസ്സായിരുന്നു. സ്വന്തം ജീവിതത്തിന്റെ വസന്തകാലം മുഴുവനും നാടിനു വേണ്ടി ഹോമിച്ച അവരുടെ സ്വസ്ഥമായ കുടുംബജീവിതം നഷ്ടപ്പെട്ടിട്ടും അവരുടെ സ്വരത്തില്‍ ഒട്ടും പതര്‍ച്ചയില്ല. നിരന്തരമായ ഉപവാസം മൂലം അവരുടെ ആര്‍ത്തവചക്രം നിലച്ചു കഴിഞ്ഞു. തന്റെ സമരം ലക്‌ഷ്യം കണ്ടതിനു ശേഷമേ അമ്മയെ കാണുന്നുള്ളൂ എന്നാണു ശര്‍മ്മിളയുടെ നിലപാട്. ഇതിനിടയില്‍ ഒരുപാട് പുരസ്കാരങ്ങള്‍ ഷര്‍മ്മിളയെ തേടിയെത്തി. വലിയ നേട്ടങ്ങളും മാധ്യമ ശ്രദ്ധയും ദേശീയ തലത്തില്‍ താരപദവിയും ഒന്നും നേടാന്‍ കഴിയാഞ്ഞിട്ടും നിരാശയില്ലാതെ തന്റെ സമരം നിര്‍ഭയം തുടരുകയാണ് ഇറോം ശര്‍മ്മിള ചാനു. ശര്‍മ്മിളയുടെ സമരം ലക്‌ഷ്യം നേടാന്‍ വൈകുകയും അവരുടെ ശരീരം കൂടുതല്‍ ക്ഷീണിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിവച്ചിട്ടുള്ള, പൌരന്മാരുടെ സ്വസ്ഥമായി ജീവിക്കാനുള്ള അവകാശത്തെ പിടിച്ചുപറിക്കുന്ന സൈന്യത്തിന്റെ പ്രസക്തിയും ഭരണകൂടത്തിന്റെ സാധുതയും ആണ്.

-വീണ നായര്‍ 

Sunday, September 25, 2011

VALARCHAYILE VILARCHAKAL

     ബാല്യം എത്ര നിഷ്കളങ്കവും നിര്‍മലവുമാണ്! അതിന്റെ സ്വാഭാവിക തുടര്‍ച്ചയായി കൌമാരം വരുന്നു. കുതൂഹലങ്ങള്‍ നിറഞ്ഞ പതിമൂന്നു വയസ്സ്. ലോകത്തെ ആശ്ലേഷിക്കാന്‍ വെമ്പുന്ന പ്രായം. അറിയാനുള്ള ആകാംക്ഷ മുറ്റി നില്‍ക്കുന്ന ഈ സമയത്ത് തികഞ്ഞ നിഷ്കപടതയോടെയല്ലേ കുട്ടി ലോകത്തെ സമീപിക്കുന്നത്? ജീവിതവീക്ഷണം രൂപപ്പെടേണ്ട സമയത്ത് ആദര്‍ശപ്രചോധിതമായി പ്രവര്‍ത്തിക്കാനുള്ള മണ്ഡലമാണ് അവനു / അവള്‍ക്കു തുറന്നുകൊടുക്കേണ്ടത്. അറിവിന്റെ ചക്രവാളസീമകള്‍ ലക്‌ഷ്യം വച്ചു പറക്കാന്‍ അവനില്‍ / അവളില്‍ സ്വപ്നങ്ങളും ചിറകുകളും വേണം. മാതാപിതാക്കള്‍ മുതല്‍ അധ്യാപകര്‍ വരെ അവര്‍ക്ക് മാതൃകാവ്യക്തിത്വങ്ങള്‍ ആവണം. വിദ്യാഭ്യാസവും വിദ്ധ്യാലയാന്തരീക്ഷവും ചിന്തയുടെ ലോകത്തേക്ക് അവരെ ആനയിക്കണം. അതിനുള്ള അഭിരുചി വളര്‍ത്താന്‍ വിദ്യാഭ്യാസത്തിനു കഴിയണം. ആരോഗ്യകരമായ സാഹചര്യങ്ങള്‍ കുട്ടികളില്‍ ആദര്‍ശങ്ങള്‍ വളര്‍ത്തുന്നു. ചിട്ടയും ലക്ഷ്യബോധവും അവരില്‍ നിറക്കാന്‍ ഇതെല്ലാം കൂടിയേ തീരൂ. ഒരു കുട്ടി കാട്ടുവള്ളി പോലെ ലക്‌ഷ്യം തെറ്റി വളഞ്ഞു പുളഞ്ഞു പോകുന്നെങ്കില്‍ ആദ്യം അവന്‍ / അവള്‍ അല്ല കാരണം എന്നും സാഹചര്യങ്ങളില്‍ എന്തോ കുഴപ്പമുണ്ടല്ലോ എന്നും ചിന്തിക്കാന്‍ കഴിയുന്ന പക്വതയുള്ള മുതിര്‍ന്നവര്‍ സമൂഹത്തില്‍ ഉണ്ടാവണം.
     നല്ല വിദ്യാഭ്യാസത്തിനു കുറെയൊക്കെ മാര്‍ഗ്ഗദര്‍ശനം കൊടുക്കാന്‍ കഴിയും. പക്ഷെ നമ്മുടെ പഠനക്രമങ്ങളില്‍ ഇന്ന് നന്മകള്‍ക്കുള്ള സ്ഥാനം എവിടെയാണ്? നല്ല വ്യക്തിത്വം വളര്‍ത്തുക എന്നതിനേക്കാള്‍ പ്രാധാന്യം പണക്കാരനാവുന്നതില്‍ വിജയിക്കുക എന്നതാണെന്ന നമ്മുടെ മാതാപിതാക്കളുടെയും അധ്യാപകരുടെയും ചിന്താരീതികള്‍ ലക്‌ഷ്യം കണ്ടു തുടങ്ങിയിട്ടുണ്ടെന്നതിന്റെ തെളിവാണ് നമ്മുടെ കുട്ടികളും കൌമാരക്കാരും ഇന്ന് കൂടുതല്‍ പ്രശ്നക്കാരും ശല്യക്കാരും ക്രിമിനല്‍സും ആയിട്ടുള്ള സമീപകാല സാഹചര്യം! വികലമായ കാഴ്ചപ്പാടുകളും വികലമായ മാതൃകകളും വികലമായ വ്യക്തിത്വങ്ങളെയേ സൃഷ്ടിക്കൂ. കൃത്രിമമായ സദാചാരബോധം തലമുറകളില്‍ അടിച്ചേല്‍പ്പിക്കുന്ന ക്രൂരത ലൈംഗീക അരാചകത്വത്തിന്റെ  മലവെള്ളപ്പാച്ചിലിനാണ്‌ വഴിതെളിച്ചത് എന്ന സാമൂഹ്യശാസ്ത്രജ്ഞരുടെ അറിയിപ്പുകളെ അവഗണിക്കുന്ന നമ്മുടെ ഇന്നത്തെ തെറ്റിന് നാളെ ആരൊക്കെ പിഴയടക്കേണ്ടി വരുമോ ആവോ? ഈ വഴിയില്‍ വന്ന ആദ്യ തലമുറ ഇന്നത്തെ മുതിര്‍ന്നവരായപ്പോള്‍ പിന്നത്തെ തലമുറയില്‍ നിന്നും എന്തെങ്കിലും നന്മകള്‍ പ്രതീക്ഷിക്കുന്നത് തന്നെ കുറ്റകരമല്ലേ? ഇന്നത്തെ മുതിര്‍ന്നവരില്‍ സംഭവിച്ച സദാചാരത്തകര്‍ച്ചയും വഴിതെറ്റലും പുതിയ തലമുറയിലും പ്രതിഫലിക്കുന്നു എന്നല്ലേ ഉള്ളൂ?
     പൊതുവില്‍ സംഭവിച്ചിരിക്കുന്നത് ഈ വഴിതെറ്റിവീഴ്ചയാണ്. പ്രത്യേകിച്ചും അപക്വമായ സമയത്ത്  അനിയന്ത്രിതമായ ലൈംഗീകാകര്‍ഷണത്തില്‍പ്പെടുന്നത്  ആപത്താണ്. എന്തുകൊണ്ടാണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സമാനസാഹചര്യം ഉണ്ടാവുന്നു? രതിവൈക്രുതങ്ങള്‍ പകര്‍ച്ചവ്യാധികളെക്കാള്‍ വേഗത്തിലാണല്ലോ ദേശീയ തലത്തില്‍ പടരുന്നത്‌? കൌമാരത്തിനുമുന്പേ കുട്ടികളില്‍ ലൈംഗീകാഭിനിവേശം വളര്‍ത്തുക എന്ന ലക്ഷ്യത്തില്‍ പടച്ചുവിടുന്ന ചാനല്‍ദൃശ്യങ്ങളും പരസ്യങ്ങളും സിനിമകളും അധമവാസനകളുടെ ദേശീയ വിത്താണ് പാകിയത്‌. ഇത്തരം ദൃശ്യങ്ങള്‍ കണ്ടുണരുന്ന ഇന്ത്യന്‍ കൌമാരം വളരെയെളുപ്പം കുറ്റകൃത്യങ്ങളുടെ ലോകത്ത് എത്തുന്നു. വിചാരണക്കായി കയ്യാമം വക്കപ്പെട്ടു ശിരസ്സ്‌ കുനിച്ചു നടന്നുപോവുന്ന ഇന്ത്യന്‍ യുവത്വത്തെ ഓര്‍ത്ത് അതിശയത്തോടെ മൂക്കത്ത് വിരല്‍ വയ്ക്കുന്നവര്‍ ഓര്‍ക്കുക, പ്രേരണക്കുറ്റത്തില്‍ നിന്നും തെളിവുകളുടെ അഭാവം മൂലം മാത്രം രക്ഷപ്പെട്ടവരാണ്‌ തങ്ങളെന്ന്! ഒരു പതിനാലുകാരനോ പതിനാറുകാരനോ ശിക്ഷ ഏറ്റുവാങ്ങുമ്പോള്‍ സമൂഹമാണ് കുറ്റക്കാര്‍ എന്ന ഒഴുക്കന്‍ ആശ്വാസം നമുക്കിനി വേണ്ട.
     സമൂഹത്തില്‍ ആരാണ് കുറ്റക്കാര്‍ എന്ന് കൃത്യമായി കണ്ടെത്താനും അത് ഉറക്കെ പറയാനും ഉള്ള ആര്‍ജ്ജവം ഇനി നമുക്ക് എന്നുണ്ടാവും എന്ന മറ്റു സമൂഹങ്ങളുടെ വിചാരണച്ചോദ്യത്തിനു മുന്‍പില്‍ കയ്യാമവുമായി തലകുനിച്ചു നില്ക്കുന്നത് ഇപ്പോള്‍ നമ്മള്‍ ഓരോരുത്തരുമാണ്... മുതിര്‍ന്ന ഇന്ത്യയാണ്!!!


-ഡിസൂസ

Saturday, September 24, 2011

REGISTRATIONS & LICENSES

     സ്ഥാപനത്തിന്റെ സ്വഭാവത്തിന് അനുസരിച്ച രജിസ്ട്രേഷന്‍ എടുക്കല്‍ പ്രധാനമാണ്. പ്രൈവറ്റ് ലിമിറ്റെഡ്, ലിമിറ്റഡ് കമ്പനി ആയാണ് തുടങ്ങുന്നതെങ്കില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ നിയമാവലി അനുസരിച്ചു രജിസ്ടര്‍ ചെയ്തിരിക്കേണ്ടതാണ്. ഒന്നിലേറെപ്പേര്‍ ചേര്‍ന്ന് പാര്‍ട്ണര്‍ഷിപ്പ് അടിസ്ഥാനത്തില്‍ സ്ഥാപനം തുടങ്ങുമ്പോള്‍ അതിനു ഇന്ത്യന്‍ പാര്‍ട്ണര്‍ഷിപ്പ് നിയമത്തിന്റെ പരിധിയില്‍ പാര്‍ട്ണര്‍ഷിപ്പ് ഫേം ആയി രജിസ്ടര്‍ ചെയ്യാനുള്ള സൗകര്യം തിരുവനന്തപുരത്തെ രജിസ്ട്രാര്‍ ഓഫ് ഫേംസിന്റെ ഓഫീസിലാണ് ഉള്ളത്. പാര്‍ട്ണര്‍ഷിപ്പ് ഡീഡിന്റെ അടിസ്ഥാനത്തിലും പങ്കാളിത്ത വ്യവസ്ഥയില്‍ സ്ഥാപനം തുടങ്ങാനാവും. എല്ലാ സ്ഥാപനങ്ങള്‍ക്കും അതാതിന്റെ നിയമ പരിധിയുണ്ട്. സംസ്ഥാന ലേബര്‍ ഓഫീസില്‍ ആണ് ഷോപ്സ് ആന്‍ഡ്‌ കമ്മേര്‍ഷ്യല്‍ എസ്ടബ്ലിഷ്മെന്റ്റ് സ്ഥാപനങ്ങള്‍ രജിസ്ടര്‍ ചെയ്യേണ്ടത്. രേജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറെറ്റീവ് സോസൈടീസിന്റെ ഓഫീസുകളില്‍ ആണ് സഹകരണ പരിധിയില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ രെജിസ്ടര്‍ ചെയ്യേണ്ടത്.
     തുടങ്ങുന്ന സ്ഥാപനത്തെക്കുറിച്ചുള്ള ആസൂത്രണമായിക്കഴിഞ്ഞാല്‍ രജിസ്ട്രേഷന്റെ നിയമാവലികള്‍  സംരംഭകര്‍ നന്നായി പഠിച്ചു മനസ്സിലാക്കുക തന്നെ വേണം. അപ്പോഴേ മുന്‍പോട്ടുള്ള വഴി സുഗമമാവൂ. ഇതിനു പുറമേ, ഓരോ തരത്തിലുള്ള  ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും പ്രത്യേക വകുപ്പുകളിന്മേലുള്ള ലൈസന്‍സുകളും കരസ്ഥമാക്കണം. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ആണെങ്കില്‍ ഫുഡ്‌ ലൈസെന്‍സ് എടുക്കണം. ഹെല്‍ത്ത് ഡിപ്പാര്ട്ട്മെന്റ് ആയിരിക്കും ഇവ നല്‍കുന്നത്. കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നതിന് ഭൂഗര്‍ഭജല വിഭവ വകുപ്പില്‍ നിന്നുള്ള അനുമതി വേണം. ഘനനവുമായി ബന്ധപ്പെട്ട ബിസിനെസ്സാനെങ്കില്‍ മൈനിംഗ് ആന്‍ഡ്‌ ജിയോളജി വകുപ്പില്‍ നിന്നാണ് അനുമതി വേണ്ടത്.
     ഇത്തരത്തില്‍ എന്തൊക്കെ അനുമതികളും മറ്റുമാണ് വേണ്ടത് എന്ന് കൃത്യമായി അറിയാന്‍ അതതു ജില്ലകളിലെ വ്യവസായകേന്ദ്രത്തിന്റെ സഹായം അഭ്യര്ത്തിക്കുന്നത്‌ ഉചിതമാവും. ഇതിനെല്ലാമുപരിയായി സ്ഥാപനം പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത്- മുനിസിപ്പാലിറ്റി- കോര്‍പ്പരേഷന്‍ സ്ഥാപനങ്ങളില്‍ എതാനെങ്കില്‍ അതിന്റെ അനുമതിയും വേണം!!!


-ടി.എം.എം ബ്യൂറോ 

IMPORTANCE OF AFTER SALES SERVICE

     എല്ലാ തയ്യാറെടുപ്പുകളും സൂക്ഷ്മനിരീക്ഷണങ്ങളും നടത്തി മുന്‍പോട്ടു കൊണ്ടുപോവുന്ന സംരംഭം ദീര്‍ഘകാലം നിലനില്‍ക്കാന്‍ ഏറ്റവും വേണ്ടതാണ് വില്പ്പനാന്തര സേവനവും ഉപഭോക്താവുമായുള്ള നല്ല ബന്ധവും. ഇതില്‍ വരുന്ന പിഴവുകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരും എന്നത് ഉറപ്പാണ്.
     ഉപഭോക്താവിന്റെ പരാതികള്‍ക്ക് ചെവി കൊടുത്തേ തീരൂ. അവ പരിഹരിക്കാനുള്ള ആത്മാര്‍ത്ഥ ശ്രമവും വേണം. ദേഷ്യക്കാരന്‍ ആയ പരാതിക്കാരനോട് ദേഷ്യപ്പെടുന്ന വില്‍പ്പനക്കാരന്‍ ഒരു ഉപകാരവും ഇല്ലാതെ ഒരു മിത്രത്തെ ശത്രു ആക്കുകയാണ്. ഒരേ പരാതികള്‍ ആവര്തിക്കുന്നുന്ടെങ്കില്‍ ആ ഉല്‍പ്പന്നത്തിനു ശരിക്കും എന്തോ കുറവുണ്ട് എന്നത് തീര്‍ച്ചയാണ്. അത്തരം സന്ദര്‍ഭത്തില്‍ തല്ക്കാല രക്ഷക്കായി ഉപഭോക്താവിനെ കുറ്റപ്പെടുത്തി അയക്കുമ്പോള്‍ ഓര്‍ക്കുക, അവര്‍ നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ ഏറ്റവും മോശം പ്രചാരകരായി മാറുമെന്ന്‌. നിങ്ങളുടെ ഉള്പ്പന്നത്തില്‍ സംതൃപ്തരായ ഒരു ഉപഭോക്താവ് നിങ്ങള്‍ക്ക് അനേകം പുതിയ ഉപഭോക്താക്കളിലേക്കുള്ള കിളിവാതില്‍ ആണ്. ലക്ഷങ്ങള്‍ മുടക്കി തയ്യാറാക്കുന്ന പരസ്യ പ്രചാരണങ്ങലേക്കാള്‍   ഉപഭോക്താക്കള്‍ വിലമതിക്കുന്നത് അനുഭവത്തില്‍ നിന്നുള്ള അഭിപ്രായങ്ങളെയാണ്. ഉപഭോക്താവ് ത്രുപ്തനല്ലെങ്കില്‍ 
അത് ഉല്‍പ്പന്നത്തിന്റെ വിപണിയെയും വിശ്വാസ്യതയേയും തകര്‍ത്തുകളയും. അസംതൃപ്തരായ കസ്ടമര്‍ നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ വിപണിയെ കാര്യമായി ദോഷം ചെയ്യും. നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ കുറവിനെക്കുരിച്ചു നിങ്ങളുമായി ചര്‍ച്ച ചെയ്യുന്ന കസ്ടമര്‍ നിങ്ങളുടെ യഥാര്‍ത്ഥ മിത്രമാണെന്ന് തിരിച്ചറിയുക.


-ടി.എം.എം ബ്യൂറോ 

Monday, September 12, 2011

FREEDOM OF MEDIA IN KERALA

     ഏറ്റവും പ്രബുദ്ധരെന്നു സ്വയം ഗീര്‍വാണം മുഴക്കി മറ്റുള്ള സമൂഹങ്ങളെയെല്ലാം പരിഹസിക്കുന്ന വിവരദോഷികള്‍ ആണ് മലയാളികള്‍ എന്ന യാഥാര്‍ത്ഥ്യം ഇന്ന് നമ്മളെ നോക്കി കൊഞ്ഞനം കുത്തുന്നു.
     സര്‍ സീപീയുടെ തെമ്മാടിത്തത്തിനെതിരെ ശബ്ദിച്ച 'മനോരമ'യും അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിന്  പോലീസും ഗുണ്ടകളും ചേര്‍ന്ന് 'വേണ്ടുന്നതു' കൊടുത്ത 'മാതൃഭൂമി'യുടെ  വി.ബി ഉണ്ണിത്താനും നേതാക്കളുടെ പൊയ്മുഖങ്ങള്‍ വലിച്ചുകീറുന്നത്തിനുള്ള സമ്മാനമായി ഓഫീസ് അടിച്ചു തകര്‍ക്കലും വധഭീഷണിയും  നേരിടുന്ന 'ക്രൈം വാരിക'യുടെ പത്രാധിപരും യഥാര്‍ത്ഥ വികസനത്തിന്‌ വേണ്ടി ആഗ്രഹിക്കുന്ന അസംഘടിതരായ പൊതുജനങ്ങളുടെ ചിന്തകളെക്കുറിച്ച് പുറംലോകത്തെ അറിയിക്കുന്നതിനു വധഭീഷണി നേരിടുന്ന 'ദി മിറര്‍ ഓണ്‍ലൈന്‍ മാസിക'യുടെ പത്രാധിപരും ഉള്‍പ്പെടെ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായി ജനിച്ച നാടിനു വേണ്ടി ശബ്ദിക്കുന്ന എത്രയോ പേരാണ് സ്വന്തം ജീവന്‍ സമൂഹത്തിനു വേണ്ടി പണയപ്പെടുത്തുന്നത്?
     സ്വന്തം ആവശ്യത്തിനു വേണ്ടിയല്ലാതെ സമൂഹത്തിന്റെ പൊതുവായ നന്മക്കുവേണ്ടി ശബ്ദിക്കുന്ന ഇവരെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന ശക്തികളുടെ പൊതുവികാരം എന്താണ്? ഇവിടെ പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും എതിര്‍ഭാഗത്ത് വരുന്നത് പോലീസും രാഷ്ട്രീയവും ബിസിനെസ്സുകാരിലെ കള്ളനാണയങ്ങളും ആണ്. ഇവരുടെ വികാരങ്ങളില്‍ പൊതുവായി എന്ത് ഘടകമാണ് ഉള്ളത്?
     ഒരു ജനാധിപത്യ രാജ്യത്തിന്റെ ജീവവായുവാണ് അവിടത്തെ മാധ്യമങ്ങള്‍. സത്യസന്ധമായ ഭരണകൂടത്തിനും പൊതുജനത്തിനും ഇടയിലെ പാലം ആണ് അവ. അപ്പോള്‍ ഈ പാലത്തെ കേരളത്തില്‍ ഭയക്കുന്നത് ആരാണ്? അധികാരസ്ഥാനങ്ങളുടെ ഉത്തരവാധിത്വക്കുറവും  അശ്രദ്ധയും ജനങ്ങള്‍ അറിയുന്നതിനെ അസഹിഷ്ണുതയോടെ നോക്കിക്കാണുന്നത് ഏതു ക്രിമിനലുകള്‍ ആണ്?
     ചര്‍ച്ചകളും സംവാദങ്ങളും ഒരു നാടിന്റെ മുന്നോട്ടുള്ള യാത്രക്ക് അത്യാവശ്യമാണ്. അല്ലാതെ തങ്ങള്‍ക്കു ഇഷ്ടമില്ലാത്തത് ഒന്നും ആരും പറയരുത് എന്നും മറിച്ച് സംഭവിച്ചാല്‍ തകര്‍ത്തു കളയും എന്നും പറയുന്ന ഭാഷ ഫാസിസത്തിന്റെതാണ്. അസഹിഷ്ണുത ഫാസിസത്തിന്റെ മുഖമുദ്ര ആണ്. ഇവിടെ ഭരണകൂട ഭീകരതെക്ക് എതിരെ പൊതുജനങ്ങളെ ബോധവാന്മാര്‍ ആക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളെ നിഷ്ഷബ്ദമാക്കുന്നത് എന്തിനു വേണ്ടിയുള്ള മുന്നോരുക്കമായാണ്? മാധ്യമങ്ങളെ നിശബ്ദരാക്കിക്കഴിഞ്ഞാല്‍ പിന്നെ തങ്ങള്‍ക്കു ഇവിടെ എന്തും ആവാമെന്ന് ചിന്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വമാണോ ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണോ അതിനു വളമിടുന്ന പോലീസാണോ കൂടുതല്‍ വലിയ ഭീകരന്‍?
ഇത്തരം അഴിഞാട്ടക്കാരുടെ ആള്‍ക്കൂട്ടമായി കേരളീയര്‍ മാറാന്‍ തുടങ്ങിയത് എന്ന് മുതല്‍ക്കാണ്? അതിനു ഉത്പ്രേരകം ആയി വര്‍ത്തിക്കുന്നത് എന്താണ്?
     അണികളുടെ വിനാശകരമായ വികാരപ്രകടനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കഴിയാത്ത നേതാക്കള്‍ രാഷ്ട്രീയ സംഘടനകളുടെ കടിഞ്ഞാണ്‍ കയ്യിലെടുക്കുന്നത് പൌരന്മാരുടെ സമാധാന ജീവിതത്തിനു ഹിതകരമാണോ? കേരളീയ സമൂഹം ഉറക്കെ ചിന്തിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇപ്പോള്‍ തുടങ്ങിയില്ലെങ്കില്‍ ഇനിയൊരിക്കല്‍ അതുകൊണ്ട് ഫലമുണ്ടായില്ലെന്ന് വരും. കാരണം സ്ഥിതിവിശേഷം അത്ര ഭീകരവും വിനാശകാരിയും ആണ്!


-ജോജിത്ത്

Thursday, September 8, 2011

INNINTE PENMOZHI


   കഴിവ് കേട്ടവരെ ഉയര്‍ത്താനുള്ള സംവരണത്തില്‍ പെടുത്തി  അവളെ അപമാനിക്കുന്ന ആണ്സമൂഹം ഇനിയും ചിരിക്കേണ്ട. ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതി വച്ചിട്ടുള്ള സ്ത്രീ-പുരുഷ സമത്വം ഇന്ന് എവിടെയാണ്? അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണം ഉടലെടുക്കുംപോഴേ മുതിര്‍ന്നവരില്‍ തുടങ്ങുന്ന ആധി തുടര്‍ന്നങ്ങോട്ട് വളര്ന്നുകൊണ്ടെയിരിക്കുന്നു! കാരണം ഇന്ന് കുടിലിലും കൊട്ടാരത്തിലും നിലനില്‍ക്കുന്ന സ്ത്രീധനം തന്നെ.
   ഒരു പെണ്‍കുഞ്ഞു ഭൂമിയില്‍ പിറന്നു വീണാല്‍ ഉടന്‍ തന്നെ തുടങ്ങുകയായി അവളുടെ നേരെയുള്ള നിരോധനാജ്ഞകള്‍- എഴുതിവെക്കപ്പെടാത്ത ഈ നിയമസംഹിതകളില്‍ ഒന്നെങ്കിലും തെറ്റിക്കുന്നുണ്ടോ അവള്‍ എന്ന് ശ്രദ്ധിക്കേണ്ട ബാധ്യത ആരും ഏല്‍പ്പിക്കാതെ തന്നെ സമൂഹം മൊത്തത്തില്‍ ഏറ്റെടുക്കുന്നു. 
 അടുത്ത വീട്ടില്‍ പോകാന്‍, കൂട്ടുകൂടാന്‍, നില്‍ക്കാന്‍, നോക്കാന്‍, ചിരിക്കാന്‍, സംസാരിക്കാന്‍, യാത്ര ചെയ്യാന്‍ എല്ലാം ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത നിയന്ത്രണങ്ങള്‍ ആണ് പെണ്‍കുട്ടികള്‍ക്ക്! വിദ്യാഭ്യാസം, ജോലി, ജീവിതപങ്കാളിയെ തിരഞ്ഞെടുക്കല്‍ എന്നിങ്ങനെയുള്ള ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ കാര്യങ്ങളില്‍പ്പോലും അവള്‍ക്കു പൂര്‍ണ്ണമായ വ്യക്തിഗതതീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നില്ല. അറിവും ജീവിതവും പഠിക്കാന്‍ എത്തുന്ന വിദ്യാലയങ്ങളില്‍ എത്തിയാലും നിരോധനങ്ങള്‍ കൂടുന്നതെയുള്ളൂ. സഹപാഠിയായ ആണ്‍കുട്ടിയോട് സംസാരിക്കുന്നത് തെറ്റാണെന്ന് പഠിപ്പിക്കുന്ന വിദ്യാലയം, സത്യത്തില്‍ ഏത് യുഗത്തില്‍ ആണ് നിലകൊള്ളുന്നത്? വീട്ടില്‍ മാതാപിതാക്കള്‍ അവളെ തല്ലിയെല്‍പ്പിക്കുന്നതും ഇത് തന്നെയല്ലേ? ആണ്കുട്ടികളോട് അധികം ഇടപഴകുന്നത് നിന്റെ ഭാവിയെ ബാധിക്കും എന്ന് മൂന്നാം ക്ലാസ്സിലെ പെണ്‍കുട്ടിക്ക് ഉപദേശം കൊടുത്ത ഒരു അധ്യാപികയെ എനിക്ക് നേരിട്ട് അറിയാം. ഈ അധ്യാപിക കൌമാരക്കാരിയായ സ്വന്തം മകളുടെ സെക്സ്-സംബന്ധിയായ ഒരു കൊച്ചു സംശയത്തെ നേരിട്ടത് തീ പാറുന്ന കണ്ണുകലോടെയും അനാവശ്യ സംശയങ്ങള്‍ ചോദിക്കുന്നതിലെ 'വലിയ തെറ്റിനെ'ക്കുറിച്ചുള്ള അലറല്‍ നടത്തിക്കൊണ്ടും ആണ്! വയസ്സറിയിച്ച പെണ്‍കുട്ടികള്‍ക്ക് സ്വന്തം സഹോദരന്മാരോട് ഇടപഴകാന്‍ പോലും നിരോധനം ആണ്. ലൈംഗീകതയെക്കുരിച്ചു ചോദിച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുന്നതിനെക്കുരിച്ചു പറയുന്ന അധ്യാപികമാരും കൂടി ചേരുമ്പോള്‍ പിന്നെ ഈ പെണ്‍കുട്ടിയുടെ മനസ്സ് കലുഷിതം ആകാതെ എന്ത് ചെയ്യും?
    ഒരിക്കലും ആണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളിലും കോളേജിലും പഠിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് ഒരു പെണ്‍കുട്ടിയും 'പിഴച്ചു'പോയിട്ടില്ല. പെണ്‍കുട്ടികള്‍ക്ക്  മാത്രമുള്ള സ്കൂളും കോളേജും കഴിഞ്ഞു പുറത്തിറങ്ങുന്ന പെണ്‍കുട്ടികള്‍ ആണ് ജീവിതത്തെയും സമൂഹത്തെയും നേരിടാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുന്ന ഏറെ പെണ്‍കുട്ടികളും എന്ന് സാമൂഹ്യ ശാസ്ത്രജ്ഞര്‍ പറയുന്നു. അപ്പോള്‍ ഈ പെണ്സമൂഹം എങ്ങോട്ടാണ് പോവുന്നത്?
   പെണ്ണ് മാത്രം വിചാരിച്ചാല്‍ ഒരിക്കലും സാധ്യമാവാത്ത 'പിഴക്കല്‍' പക്ഷെ ആണിനെ ബാധിക്കുന്നില്ല! പിഴച്ചവള്‍ എന്ന് നമ്മളെല്ലാം ഒരുപാട് കേട്ടിട്ടുണ്ട്, പക്ഷെ പിഴച്ചവന്‍ എവിടെപ്പോയി?!! ആണ്‍കുട്ടിക്ക് അന്യജാതിയില്‍ നിന്നോ അന്യമതങ്ങളില്‍ നിന്നോ വിവാഹം ആവാം. പക്ഷെ പെണ്‍കുട്ടി അന്യജാതിയിലെയോ അന്യമതത്തിലെയോ ആളെ വിവാഹം കഴിച്ചാലോ? ഇതുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരാളെ പെണ്ണിന്റെ തലയില്‍ കെട്ടിവക്കാന്‍ പൊന്നും പണവും കൊണ്ട് എത്ര തുലാഭാരം വേണമെങ്കിലും നടത്താന്‍ എല്ലാവര്ക്കും എന്തൊരു ഉത്സാഹം ആണ്? അത് കഴിഞ്ഞാലുള്ള അവരുടെ ജീവിതത്തെക്കുറിച്ച് എന്തെങ്കിലും ഒരു ഉറപ്പു കൊടുക്കാന്‍ ഈ 'അഭിമാനക്കാര്‍ക്ക്' കഴിയുമോ? ഇനി ആ തീരുമാനത്തില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചുകൂടെന്നില്ലല്ലോ? ആ ഘട്ടത്തില്‍ ആ തെറ്റായ തീരുമാനം തിരുത്താന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ എത്ര പേര്‍ പ്രോത്സാഹിപ്പിക്കാറുണ്ട്? ഒരു വിവാഹമോച്ചനത്തിനു ആഗ്രഹിക്കുന്ന അവളെ സ്വന്തം കുടുംബാങ്ങള്‍ പോലും ഇഷ്ടക്കുറവു പ്രകടിപ്പിച്ചു വിഷമിപ്പിക്കാരല്ലേ പതിവ്? സ്വന്തം മകളുടെ വിവാഹമോചനത്തിന് താല്‍പര്യക്കുറവു കാണിച്ച മാതാപിതാക്കളുടെ തെറ്റായ തീരുമാനം മൂലം വിലപ്പെട്ട 9 വര്‍ഷങ്ങള്‍ ജീവിതത്തില്‍ നിന്നും നഷ്ടപ്പെട്ട ഒരു യുവതിയെ എനിക്ക് നേരിട്ടറിയാം. എന്നിട്ട് ആ യുവതി സ്വന്തം നിലക്ക് പുതിയൊരു ചെറുപ്പക്കാരനെ ഭര്‍ത്താവായി കണ്ടെത്തിയതിലെ ഇഷ്ടക്കുറവു ആ മാതാപിതാക്കള്‍ പ്രകടിപ്പിച്ചത് ഇല്ലാത്ത മറ്റൊരു കാരണത്തിന്റെ മറവില്‍ ഈ മകളെ തങ്ങളുടെ അസാന്നിധ്യത്തില്‍ സ്വന്തം അനുജത്തിയെക്കൊണ്ട് വീട്ടില്‍ പൂട്ടിയിടാന്‍ ശ്രമിച്ചുകൊണ്ടാണ്. അങ്ങനെ  ഒരു പെണ്‍കുട്ടിയുടെ ജനനം മുതല്‍ വിവാഹം വരെയുള്ള പ്രധാന കാര്യങ്ങളില്‍ എല്ലാം ഇടപെട്ടു അവളുടെ ജീവിതം കലക്കി കഴിഞ്ഞാല്‍ എല്ലാവരും ആശ്വാസത്തോടെ നടുവൊന്നു നിവര്‍ക്കും!
   എന്തുകൊണ്ട് ഇന്ത്യന്‍ സ്ത്രീകള്‍ പൊതുവേ അബലകള്‍ ആയി കണക്കാക്കപ്പെടുന്നു? എന്തിനും ഏതിനും അവള്‍ക്കു പോരാടെണ്ടിവരുന്നത്‌ എന്തുകൊണ്ടാണ്? വ്യക്തിഗത സുഖങ്ങളും സ്വന്തം അഭിപ്രായങ്ങളും അവള്‍ എന്തുകൊണ്ട് ത്യജിക്കുന്നു? എല്ലാക്കാര്യങ്ങളിലും പുരുഷനെ ആശ്രയിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്? അംഗീകാരത്തിനായി മുറവിളി കൂട്ടാനായി അവളെ നിരന്തരം പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്? നിലവിലുള്ള നിയമങ്ങളെ പ്രയോജനപ്പെടുത്താന്‍ കഴിയാത്തവള്‍ പുതിയ നിയമങ്ങല്‍ക്കായി നിലവിളിക്കുന്നതിന്റെ പ്രസക്തി എന്താണ്? ഉത്തരം കിട്ടാന്‍ ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്. കാലം മാറ്റിമറിച്ച സാമൂഹ്യകാഴ്ച്ചപ്പാടുകള്‍ ഉളവാക്കുന്ന വേദന മാറ്റാന്‍ അവനവനു മാത്രമേ കഴിയൂ. അതിനു ആരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ചരിത്രത്തെ വിശ്വസിക്കാമെങ്കില്‍ സ്ത്രീ അധികാരത്തിന്റെയും ശക്തിയുടെയും മൂര്‍ത്തീഭാവമായിരുന്ന ഒരു കാലവും ഇവിടെ ഉണ്ടായിരുന്നല്ലോ? അപ്പോള്‍ മാറിയത് സമൂഹത്തിന്റെ കാഴ്ചപ്പാടാണ്. മതം, സ്വത്ത്, അധികാരം എന്നീ ഘടകങ്ങള്‍ ചേര്‍ന്ന് കളിച്ച കളിയാണ് ഇവിടെ സ്ത്രീയുടെ സ്ഥാനത്തിനു ഇളക്കം വരുത്തിയത്. വിദേശ ശക്തികളുടെ ആക്രമണം, ആധിപത്യം, ആകര്‍ഷണം എന്നിവയാണല്ലോ നമ്മുടെ സംസ്ക്കാരത്തെ മാറ്റിമറിച്ച ഘടകങ്ങള്‍. ആ സാഹചര്യത്തില്‍ സ്ത്രീയെ സംരക്ഷിക്കുകയെന്ന സല്‍പ്രവൃത്തിയേ പുരുഷന്‍ ചെയ്തുള്ളൂ. താങ്ങുണ്ടെങ്കില്‍ തളര്‍ച്ചയും കൂടാം. അതില്‍ സ്ത്രീയുടെ കൂടി പങ്കും ഉണ്ടാവാം. 
   എന്തുകൊണ്ട് ലോകത്തിലെ ഏറ്റവും വൃത്തികെട്ട എത്തിനോട്ടക്കാരും ആക്രാന്തക്കാരുമായി നമ്മുടെ മലയാളി സമൂഹം എന്ന് ഈ അഭിമാനക്കാരും സംസ്കാരക്കാരും ഒന്ന് ചിന്തിച്ചിട്ടുണ്ടോ? ചെറുപ്പം മുതല്‍ ആണും പെണ്ണും ഒന്നിച്ചു ഇടപഴകുന്ന ലോകത്തിലെ മറ്റൊരു നാട്ടിലും സംസ്കാരത്തിലും ഇല്ലാത്തതാണ് ഈ മാനസീക വൈകല്യം. നമ്മുടെ സ്ത്രീകളുടെ വസ്ത്രധാരണ ശൈലിയിലും പ്രശ്നങ്ങളുണ്ട്. പക്ഷെ അതിനേക്കാള്‍ പ്രശ്നങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ മനസ്സില്‍ അല്ലേ ഉള്ളത്? എല്ലാറ്റിനും കാരണം പുരുഷന്മാര്‍ ആണ് എന്ന് പ്രചരിപ്പിക്കുന്ന സ്ത്രീകള്‍ യഥാര്‍ത്ഥ വിഷയം മറച്ചു പിടിക്കുകയാണ്. ഒരു സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെടുന്നത് അറിഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ തുനിഞ്ഞ 'സ്വന്തം പുരുഷനോട്' "നിങ്ങള്ക്ക് വേറെ പണിയൊന്നുമില്ലേ മനുഷ്യാ" എന്ന് ചോദിച്ച മലയാളി സ്ത്രീയുടെ മനസ്സില്‍ എന്തായിരുന്നു ആ സമയത്ത് കടന്നുപോയ ചിന്ത എന്ന് ഉറക്കെ പറയാന്‍ നമ്മുടെ അറിയപ്പെടുന്ന ഏതെങ്കിലും ഫെമിനിസ്ടിനു കഴിയുമോ?
    വാ തോരാതെ പ്രസംഗിക്കുന്നത് നിര്‍ത്തിക്കൊണ്ട് സ്ത്രീപുരുഷ സമത്വത്തിനു വേണ്ടിയുള്ള പ്രായോഗിക പദ്ധതികള്‍ അടുത്ത തലമുറയ്ക്ക് വേണ്ടിയെങ്കിലും തയ്യാറാക്കാന്‍ ഭരണകൂടവും സമൂഹവും ആത്മാര്തമായി കൈ കോര്‍ക്കണം.
                                                                                                                                              -അളകനന്ദ

Tuesday, September 6, 2011

STEROIDS & BODY BUILDING



ആരോഗ്യവും ആരോഗ്യപരിപാലനവും മുന്‍പൊക്കെ മലയാളിയുടെ ജീവിത ശൈലിയിലെ അടഞ്ഞ അദ്ധ്യായങ്ങള്‍ ആയിരുന്നുവെങ്കില്‍ ഇന്നത്തെ കേരളീയ യുവത്വം ഇതിനു വേണ്ടി എത്ര കഷ്ടപ്പെടാനും എത്ര പണം വേണമെങ്കിലും ചിലവഴിക്കാനും തയ്യാറായിരിക്കുന്ന അവസ്ഥയാണുള്ളത്. പക്ഷെ ആരോഗ്യപരിപാലനം ബോഡി ബില്ടിങ്ങിലേക്ക് വഴി മാറിയപ്പോള്‍ യുവാക്കള്‍ ഇതിന്റെ അനന്ത സാധ്യതകള്‍ തേടിയുള്ള യാത്രയില്‍ പലപ്പോഴും എത്തി നില്‍ക്കുന്നത് STEROID മരുന്നുകളിലാണ്.
നമ്മുടെ യുവാക്കളുടെ ആരോഗ്യപരിപാലനാസക്തി ഇവിടെ പുതിയൊരു 'ഹൈടെക് ജിം' സംസ്ക്കാരത്തിനു വഴി തെളിക്കുകയും ഇവിടെയൊക്കെ ആരോഗ്യം പ്രദാനം ചെയ്യുന്ന പുതുവഴികളിലൂടെ യുവാക്കളെ സഞ്ചരിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. അത്യാധുനിക ഉപകരണങ്ങള്‍ കാണിച്ചു യുവാക്കളെ ആകര്‍ഷിച്ച് അതിന്റെ മറവില്‍ മുതലെടുപ്പുകളും ചൂഷണങ്ങളും നടത്തുന്നത് കണ്ടില്ലെന്നു നടിക്കുന്നത് ആത്മഹത്യാപരമാണ്.
സല്‍മാന്‍ ഘാനെയും മറ്റും മനസ്സില്‍ താലോലിച്ചു ഇത്തരം അത്യാധുനീക ആരോഗ്യ കളരികളില്‍ എത്തുന്ന യുവാക്കള്‍ പക്ഷെ അറിയുന്നില്ല സ്വാഭാവിക വ്യായാമ മുറകളിലൂടെ മസിലുകള്‍ വലുതാവുന്നതിന് ഒരു പരിധി ഉണ്ടെന്നും അത് ഓരോരുത്തരുടെയും ശരീരപ്രകൃതി അനുസരിച്ചാണ് എന്നും. അതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ വിശദീകരിക്കാതെ  അതിനെ മറികടക്കാനുള്ള എളുപ്പവഴികലെക്കുരിച്ചു വാചാലരാകുന്ന ജിംഅധികൃതര്‍ വിരിക്കുന്ന വലയുടെ കടുപ്പം നമ്മുടെ യുവത്വം തിരിച്ചറിഞ്ഞു വരുമ്പോഴേക്കും അവര്‍ പോലും അറിയാതെ അവര്‍ ഇരയായി കഴിഞ്ഞിരിക്കും.
കഴിക്കാനുള്ള പൌഡര്‍ മുതല്‍ കുത്തിവെപ്പുകള്‍ വരെ പരന്നു കിടക്കുന്നതാണ് ഈ എളുപ്പവഴികള്‍. മരുന്നടിച്ചാല്‍ ആഴ്ചകള്‍ കൊണ്ട് മസിലുകള്‍ കനം വരും. അതിഭീകര പ്രത്യാഘാതങ്ങള്‍ ഉള്ള ഇന്ത്യക്ക് പുറത്ത് നിര്‍മ്മിക്കുന്ന ഇത്തരം മരുന്നുകള്‍ ഇന്ന് നമ്മുടെ ഗ്രാമങ്ങളില്‍ പോലും സുലഭമാണ്. ആവശ്യാനുസരണം പല പേരുകളില്‍ ലഭ്യമായ ഈ മരുന്നുകളുടെ വിതരണവും ഉപയോഗസംബന്ധ നിര്‍ദേശങ്ങളുടെ ലഭ്യതയും തികച്ചും ഫ്രീ ആയി ജിംഅധികൃതര്‍ നടത്തുന്നു. മരുന്നുകള്‍ നിര്‍ദേശിക്കാന്‍ ഇവര്‍ ഡോക്ടര്‍മാര്‍ ആണോ എന്നോ മരുന്നുകള്‍ തരാന്‍ ജിമ്മുകള്‍ മെഡിക്കല്‍ ഷോപ്പുകള്‍ ആണോ  എന്നോ നമ്മുടെ യുവാക്കള്‍ അന്വേഷിക്കാറില്ല. ഈ മരുന്നുകളുടെ പ്രത്യാഘാതങ്ങളില്‍ വ്യാപകവും പ്രധാനപ്പെട്ടതുമായ വന്ധ്യത, ക്യാന്‍സറുകള്‍, ഷണ്ഡത്വം തുടങ്ങിയവയുടെ ഉത്തരവാദിത്വം ജിം അധികൃതര്‍ ഏറ്റെടുക്കുന്ന പതിവുമില്ല.
15 വയസ്സ് മുതലുള്ള നമ്മുടെ കുട്ടികളുടെ സ്വാഭാവിക ഹോര്‍മോണുകളും കരളും നശിക്കുകയും മാറിടങ്ങള്‍ വളരുകയും മാനസീക വിഭ്രാന്തിക്കുള്ള സാധ്യത വര്‍ദ്ധിക്കുകയും കുടലുകള്‍ ചുരുങ്ങുകയും ബ്ലഡ് കട്ടപിടിക്കാന്‍ സമയം കൂടുതല്‍ എടുക്കുകയും ചെയ്യുന്നതിനുള്ള സാധ്യതകള്‍ വര്‍ധിക്കുന്നതിനു ആര്‍ സമാധാനം പറയും?
അറിവില്ലായ്മയോ ജിം അധികൃതരുടെ നിര്‍ബന്ധമോ എന്താണ് നമ്മുടെ യുവത്വത്തെ കശാപ്പു ചെയ്യുന്നത്?




-ലിജേഷ് ബാബു

Sunday, September 4, 2011

TEACHER CHINA & STUDENT INDIA



ഇന്ന് അമേരിക്കയേയും യൂറോപ്പിനെയും ഏഷ്യയില്‍ നിന്നും യഥാര്‍ത്ഥത്തില്‍ വെല്ലുവിളിക്കുന്നത് നമ്മുടെ അയല്‍ക്കാരാണ്- ചൈന. ഇതില്‍ ഒട്ടും അതിശയോക്തിയില്ലെന്നു തുടര്‍ച്ചയായ നിരീക്ഷണം നടത്തിയിട്ടുള്ള ആര്‍ക്കും മനസ്സിലാവും. ലോകത്തെവിടെയും ചൈന മുന്നേറിയിട്ടുള്ളത് മറ്റാര്‍ക്കും സ്വപ്നം കാണാന്‍ പോലും കഴിയാത്ത അത്ര വേഗത്തിലും നിലവാരത്തിലും ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കാന്‍ കഴിഞ്ഞതുകൊണ്ടാണ്. പക്ഷെ അവരുടെ നാട്ടില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡുകളും കൊണ്ട് അവര്‍ നേടിയ കരുത്ത് നമ്മള്‍ കാണാതെ പോയി. എല്ലാ പ്രമുഖ പാശ്ചാത്യ ബ്രാണ്ടുകള്‍ക്കും ഇന്ന് അതേപോലെ രൂപവും ഗുണവും ഉള്ള ചൈനീസ് ബദലുകള്‍ ഉണ്ട്. പാശ്ചാത്യലോകത്ത് ഇന്ന് ഉപയോഗത്തിലിരിക്കുന്ന ഭൂരിഭാഗം സാധനങ്ങളിലും ചൈനീസ് മുദ്രയാണ് ഉള്ളത്. അമേരിക്കയില്‍ നാടെങ്ങും ഉയരുന്ന ദേശീയ പതാകകളില്‍ ഏറെയും ചൈനീസ് നിര്‍മ്മിതമാണ്.
ഒരു രാജ്യം എന്ന നിലയില്‍ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രഗല്‍ഭര്‍ ഉണ്ട്. ലോകത്തെ ഏറ്റവുംവലിയ ചില കമ്പനികള്‍ നടത്തുന്നത് ഇന്ത്യക്കാര്‍ ആണ്. പക്ഷെ, പുതിയ WIPO പേറ്റന്റ് അപേക്ഷകളുടെ എണ്ണത്തില്‍ ചൈന ലോകത്തില്‍ മൂന്നാമതാണ്. 'തദ്ദേശീയ കണ്ടുപിടുത്തങ്ങള്‍ക്ക് ചൈനയുടെ ശ്രമം' എന്ന 2010-ലെ യു.എസ് ചേംബര്‍ റിപ്പോര്‍ട്ടില്‍ ശാസ്ത്ര സാങ്കേതിക മേഖലയില്‍ ചൈനയുടെ കുതിപ്പിനെക്കുറിച്ചു പറയുന്നു. എന്ജിനീയറിംഗ്, ജനെമിക്സ്, നാനോ ടെക്നോളജി എന്നീ മേഖലകളിലും ഏറ്റവും കൂടുതല്‍ സംഭാവനകള്‍ ചൈനയുടെതാണ്.
ഇന്ന് ചൈനയില്‍ അടിടാസിന്റെയും നൈക്കിന്റെയും ഏറ്റവും വലിയ വിപണി എതിരാളി, ചൈനയുടെ മുന്‍ ജിംനാസ്റ്റ് ലി നിങ്ങിന്റെ ഉടമസ്ഥതയിലുള്ള ലി നിംഗ് കമ്പനി ലിമിടഡ് ആണ്. ചൈനീസ് ബാങ്കുകള്‍ പാശ്ചാത്യ എതിരാളികളുടെ മുന്‍പില്‍ ഭീമാകാര വലുപ്പം ആര്‍ജിച്ചു കഴിഞ്ഞു. ഫോര്‍ബ്സിന്റെ 2011-ലെ പട്ടിക പ്രകാരം ലോകത്തെ ഏഴാമത്തെ വലിയ ബാങ്കാണ് ചൈനയിലെ വ്യവാസായത്തിന്റെ നട്ടെല്ലായ ഐ.സി.ബി.സി. 




ഇന്ന് ചൈനയാണ് ഏറ്റവും വലിയ കാര്‍ വിപണി. പക്ഷെ ടോയോട്ടകള്‍ക്കും ഹോണ്ടാകള്‍ക്കും ബെന്സുകള്‍ക്കും എല്ലാം ചൈനക്ക് കൃത്യവും ശക്തവുമായ മറുപടികള്‍ ഉണ്ട്. ചൈനീസ് വാഹന നിര്‍മ്മാതാക്കള്‍ ആയ ചെറി, ബി.വൈ.ഡി, നോബിള്‍ തുടങ്ങിയവര്‍ ഏറ്റവും ഡിമാണ്ട് ഉള്ള ചൈനീസ് കാര്‍ ബ്രാന്‍ഡുകള്‍ ആണ്. ചൈനയിലെ കാര്‍ വിപണിയുടെ 85 ശതമാനവും ചൈനയുടെ സ്വന്തം നിര്‍മ്മാതാക്കളുടെ കയ്യിലാണ്. 1.3 ബില്ല്യന്‍ ജനസംഖ്യ ഉള്ള ചൈനയിലെ ഏറ്റവും വലിയ ചില്ലറ വ്യാപാര ഭീമന്‍ ചൈനീസ് കമ്പനി ആയ വുമാര്ട്ട് സ്റൊഴ്സ് ആണ്. സാക്ഷാല്‍ വാള്‍-മാര്ട്ടിനോടാണ് അവര്‍ മത്സരിക്കുന്നത്. ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ വിഭാഗത്തില്‍ ആഗോള ഭീമന്മാര്‍ ചൈനയില്‍ ഒന്നുമല്ല. ചൈനയുടെ സ്വന്തംബ്രണ്ടുകളില്‍ ഒന്നായ ഹയര്‍ ആണ് അവിടെ മുന്നില്‍. ഹയര്‍ ഇന്ന് ആ വിഭാഗത്തിലെ ലോകത്തെ നാലാമത്തെ നിര്‍മ്മാതാക്കള്‍ ആണ്. ചൈനയിലെ ഏറ്റവും വലിയ റ്റെലി കമ്യൂണിക്കേഷന്‍ കമ്പനി ആയ ഹ്യുവാവീ ടെക്നോളജീസ് ഇന്ന് മത്സരിക്കുന്നത് എറിക്സന്‍, സീമെന്‍സ് തുടങ്ങിയ കമ്പനികലോടാണ്. ചൈനീസ് പി.സി നിര്‍മ്മാതാക്കള്‍ ആയ ലെനോവോ ആഗോള വിപണിയുടെ 10.5 ശതമാനം കയ്യടക്കി കഴിഞ്ഞു. സെര്‍ച്ച് എഞ്ചിന്‍ വിപണിയില്‍ ചൈനയിലെ സ്ഥിതി ശ്രദ്ധേയമാണ്. ഗൂഗിളും യാഹൂവും ചൈനയുടെ സ്വന്തം ബൈദുവിന്റെ പിന്നില്‍ ആണ് ചൈനയില്‍. ചൈനയുടെ സ്വന്തം ഫ്യൂച്ചര്‍ കോളയുമായി ഇന്ന് കനത്ത മത്സരത്തിലാണ് കൊക്കകോളയും പെപ്സിയും.




ഇന്ത്യയില്‍ നിന്നും വിഭിന്നമായി സര്‍ക്കാരിന്റെ പിന്തുണയും എളുപ്പത്തിലുള്ള വായ്പ്പ ലഭ്യതയുമാണ് ചൈനീസ് കമ്പനികളെ ലോകത്തിലെ വമ്പന്മാര്‍ ആക്കുന്നത്. ഇന്ന് ചൈനീസ് ബ്രാന്‍ഡുകള്‍ ഗുണത്തിലും നിലവാരത്തിലും ശക്തവും മനം കവരുന്നതും ആയി മാറിയിട്ടുണ്ട്. ഒരു ശരാശരി ചൈനാക്കാരന്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പാശ്ചാത്യ ഉള്പ്പന്നങ്ങലെക്കാള്‍ മുന്‍‌തൂക്കം നല്‍കുന്നു.
ഇന്ത്യക്ക് ഇതില്‍ നിന്നും പഠിക്കാനുണ്ട്, ഒട്ടേറെ.....


-ഡിസൂസ